Monday, May 27, 2013

ഒറ്റക്ക്....




പട്ടുടുത്ത പകലുകൾ മായുമ്പോൾ
പരിധിവിട്ടകലുന്നു കാഴ്ചകൾ...
കളിയരങ്ങിൽ ഞാനൊറ്റയാകുന്നു പിന്നെയും.

വിദ്വേഷമുണ്ട വിരലുകൾക്കപ്പുറമെങ്ങും വിധേയൻ...
വരമരുളിക്കടന്നു പോയതെത്രയോ കിനാക്കൾ...
വിധിയുണങ്ങിപ്പിടിച്ചത് കണ്ണീരു തട്ടി അലിഞ്ഞുടയുന്നു...

വംശമറ്റ മോഹങ്ങളുണ്ടനവധി..
വാശിയേറ്റിയ വിശപ്പുണ്ടിന്നും കൂട്ടിന്...
നിലവിളികളൊതുക്കിയ വിവേകത്തിനോടാണിന്നും കടപ്പാട്...

വരിക...അറിവിന്റെ വിളക്കു കൊളുത്തിയ നോവിന്റെ ഓർമ്മകളേ,,,
വറ്റുതേടവെ വിശപ്പിനെ വർണ്ണിക്കുന്ന വിശ്വവിരോധിയാമൊരു വിമർശകനെ കാണുക...
കാലമേറ്റിയ നിനവിന്റെ കടലിൽ ഞാനൊറ്റയ്കിരിപ്പുണ്ട്...
കറുത്തിരുണ്ട നഷ്ടമോഹങ്ങളെന്നെ തഴുകുന്നു....
പ്രണയചഷകത്തിൽ കുടികിടപ്പുണ്ട് നഷ്ടമോഹങ്ങളുടെ കണ്ണികൾ...
തീരങ്ങളിനിയെത്ര ബാക്കിയുണ്ടാകാമെന്നറിയാതെയവ തിരകളെണ്ണി നടക്കുന്നുണ്ട് പിന്നെയും...

തമസ്സാമാഴിയിലേക്ക് യാത്ര തുടങ്ങുന്ന മൌനവിചാരങ്ങളുടെ മടിത്തട്ടിൽ കിടന്നീടണം...
ഇമയിറ്റു വീണ വിയർപ്പിന്റെ വർണ്ണത്തിൽ വരിയൊളിപ്പിച്ചൊരു കവിതയുടെ പ്രണയമറിയുവാൻ...
മരണം... മന്ത്രവീചികളില്ലാതെ എത്താവുന്ന മായാലോകമിനി കണ്ടെത്തണം...
കാരണം, കനവിന്റെ...കാലമുണർത്തുന്ന കനിവിന്റെ മെത്തയിലിന്നും  ഞാൻ ഒറ്റയാണ്...

Wednesday, March 6, 2013

യാത്ര


നോക്കി നോക്കി പെരുപ്പിച്ചൊരു മോഹം
നീട്ടി നീട്ടി നീണ്ടുപോയതും കാണവെ,
നാഴികകൾ തിന്നു തീർത്തൊരീ നാളിനെ
ഇന്നലെകൾക്ക് ബലിയർപ്പിച്ചു മടങ്ങുന്നു.

പറയുവാനാവാത്തൊരായിരം നോവുകൾ

പിറവികൊള്ളാനിരിക്കുന്ന നാളെകളാകുവാൻ,
നന്മകൾ വിളങ്ങിയ നാളിനെത്തേടുന്ന
പതറിയുഴറും ചിന്തകളിലും പടരുന്നൂ.

ആറ്റുനോറ്റെണ്ണിയെടുത്തൊരു ആഗ്രഹം
നീറ്റി നീറ്റിയൊടുക്കുന്നതീ ജീവിതം
നിഴലിൽ നിലാവായുദിക്കുന്നതോ ഓർമ്മകൾ
നിറം കെട്ട, നിരാലംബമാം പൊരുളുകൾ


പെയ്തൊഴിയുന്ന നിമിഷങ്ങളെണ്ണുവാൻ
സ്വയമൊരുങ്ങുന്നു ഹൃദയത്തുടിപ്പുകൾ
വിരസമാകുന്ന ജീവിതചര്യയിൽ
വികസിതമാകുമോ ചിന്തകൾ

ചോദ്യശരങ്ങൾ പായുന്ന നേരത്തെ
ഉഷ്ണശയ്യയിൽ ചിത്തമുറങ്ങുന്നു
ഉത്തരമില്ലാത്ത ചോദ്യങ്ങളുമായി
പരിധിയില്ലാത്ത അറിവിനുറവയും തേടി
അകലെയിലെരിയുന്ന സങ്കല്പനാളത്തിൽ
അർത്ഥം തേടി ജീവിതദീക്ഷയൊരുങ്ങുന്നു

യാത്ര... ഇരുളുറങ്ങുന്ന കണ്ണും പൊരുളറിയുന്ന അകക്കണ്ണുമായൊരു യാത്ര..
അനാദിയായ ആത്മാവിനെത്തേടുന്ന...അവസാനമറിയാത്ത യാത്ര...

Tuesday, February 26, 2013

നിശബ്ദം....


ചിന്തകളുടെ നിരാസഭൂവിൽ മൌനം കിളിർത്തിരിക്കുന്നു..
നിനവുകൾ പുഞ്ചിരിച്ച് നിലാവു പരത്തിയ മനസ്സിൽ,
ഓർമ്മകൾ മയിലാട്ടം നടത്തിയ ചിന്താമണ്ഡലത്തിൽ,
നുണകളുടെ കളങ്ങളിൽ നിഴൽക്കുത്ത് നടത്തുകയാണ് ഇന്നലെകൾ....
ഇല്ലായ്മയുടെ ഇടനാഴിയിൽ മോഹങ്ങൾ തളർന്നു വീണു കിടക്കുന്നു...
നട്ടെല്ലുടക്കിയതു കൊണ്ടു മാത്രം വഴിയൊഴിഞ്ഞു പോയ അപശകുനങ്ങൾ ചുറ്റിലുമുണ്ട്...
നിലയുറപ്പിക്കാൻ കിണഞ്ഞു പർശ്രമിക്കുന്നുമുണ്ട് അവയോരോന്നും...
കഥയറിയാതെ ആട്ടമാടുന്ന കാലാളുകളോട് പറഞ്ഞറിയിക്കാത്ത പുച്ഛമുണ്ട്...
പറയാത്ത.... പറയാൻ മിനക്കെടാതെ വഴിയൊഴിഞ്ഞു നിൽക്കുന്നതിനവർ വിലയിടുന്നു..
മൌനം കൊണ്ട് പ്രതിരോധിക്കുമ്പൊഴൊക്കെയും ഭീരുത്വമെന്ന് പറഞ്ഞു ചിരിക്കുന്നുമുണ്ട് ...
ഓർമ്മകളിലേക്ക് വെറുപ്പിന്റെ ചവർപ്പിറക്കി പിന്തുടരുകയാണ് നന്ദികേടിന്റെ നീലാഞ്ജനങ്ങൾ...
പുച്ഛം കൊണ്ട് തീർത്ത പകലുകളേയും പൊരുളുകളടുക്കിയ രാവുകളേയും മാറാപ്പിലാക്കി ദിനങ്ങളോരോന്നും ആയുസ്സിന്റെ പുസ്തകത്തിലേക്ക് പദയാത്ര ചെയ്യുന്നു...
വിട്ടു പോകാൻ മടിയ്കാത്ത പകയുടെ മുള്ളുകൾ കൊളുത്തി വലിയ്കുമ്പോൾ നിലയുറയ്കാതെ പിടയുന്ന മനസ്സാക്ഷിയുടെ നൊമ്പരം മാത്രമാണ് ജീവന് സ്വന്തമായി ശേഷിക്കുന്നത്...
വിധേയത്വം പറഞ്ഞു പിന്തുടരുന്ന നിഴലു പോലും ശരീരത്തിന്റെ വാടകകണക്കിലെഴുതപ്പെടുന്നു... ഇളകിയാടുന്ന ചേതനയുടെ തിരിനാളത്തിൽ തട്ടി കരിഞ്ഞു വീഴുകയാണ് മുൻ‌ജന്മബോധത്തിന്റെ ഈയലുകളോരോന്നും..

തിരസ്കരിക്കപെടുന്ന പ്രാർത്ഥനകളോരോന്നിലും ദൈവാംശമുണ്ടെന്ന് കിനാവു കണ്ട്,
ക്രൌര്യം തണുത്തുറഞ്ഞ് അർദ്ധശ്വാസം വലിക്കുന്ന സ്വത്വത്തിനോട് നിസ്സഹായത്വമോതി,
മരണത്തിന്റെ ചിതലുകൾ സ്വൈരവിഹാരം നടത്തുന്ന ശരീ‍രത്തിൽ ഓർമ്മകളുടെ ജയിലഴികളെണ്ണി അനിവാര്യമായ വിധിപ്രഖ്യാപനത്തിനായ് കാത്തിരിക്കുന്നു...

നിശബ്ദം....

Monday, December 10, 2012

മൌനം


 
അനക്കമില്ലതെ കിടക്കുന്ന നാക്കിലും അടഞ്ഞു പോയ കൺപീലികളിലും നീരുറഞ്ഞു കൂടിയിരിക്കുന്നു...
നാക്കിൽ ഉറഞ്ഞു കൂടിയ ചെറുചൂടുള്ള ഉമിനീരിൽ പറയാതെ ബാക്കി വച്ച വാക്കും അർത്ഥവും പോരടിച്ചു ...
ചൂടുള്ള നീരുറഞ്ഞ് കവിഞ്ഞിട്ടും കാഴ്ചയെ മറച്ചു പിടിച്ച് ചതിച്ച കൺപീലികളോട് കൃഷ്ണമണികളും പോരടിക്കുകയാണ്...
കിതച്ച് നിൽകുന്ന നിശ്വാസങ്ങളിൽ ചൂടാണ്...
അശാന്തിയുടെ താളമേളങ്ങളാൽ ഹൃദയമിടിപ്പിനും ചൂടുണ്ട്..
മനസ്സ് ചുട്ടുപൊള്ളുന്ന ചിന്തകളാൽ തിളച്ചു തുടങ്ങിയിരിക്കുന്നു...
വിഷാദം പുതച്ച മുഖത്ത്  പറ്റിക്കിടക്കുന്ന നനവിൽ നോവുന്ന സത്യങ്ങളുണ്ടെന്ന്  തിരിച്ചറിയുക തികച്ചും അസാദ്ധ്യം...
അതേ.... മൌനത്തിന്റെ പുറംതോടിനുള്ളിൽ എല്ലാം ഒതുങ്ങിപ്പോകുന്നു...


Monday, November 19, 2012

വേനൽ മഴ



മടിച്ചു നിന്നൊരു മഴമേഘത്തെ
തുളച്ചു വന്നൊരു ചെറുകാറ്റ്
പിടിച്ചുലച്ചൊരു കൊമ്പത്ത്
തുളുംമ്പി നിന്നത് കുളിർമഴയായ്..
പതുക്കെയുള്ളൊരു തലോടലായ്
മണ്ണിലെത്തി മറഞ്ഞെന്നാലും
മറവിയിലെങ്ങോ ഒളിച്ചിരുന്നൊരു
മഴക്കാലമെത്തീ ഓർമ്മകളിൽ...

പകൽകിനാവിൻ മുറ്റത്ത്
പതുങ്ങിയെത്തിയൊരീ വികൃതിയാൽ
പനിച്ച് നിന്നൊരാ മണ്ണിൽ നിന്നും
പിടഞ്ഞുണർന്നൂ പുതുമോഹങ്ങൾ...
പൊഴിഞ്ഞ് പോയൊരാ ഇന്നലെയും
അതു പറിച്ചെടുത്തയീ വേനലും
കരിച്ചെടുത്തൊരാ കനവുകളിൽ
വിരുന്നു വന്നൊരു പുഞ്ചിരിയായ്
പടർന്നിടട്ടേ സാന്ത്വനമായ്..

കുതിച്ചു വന്നൊരു നഷ്ടത്താൽ
കനത്തു വന്നൊരു നോവിനാൽ
നിനച്ചു പോയൊരു നാശത്തെ
നുണഞ്ഞെടുത്തതീ നന്മമഴ
നിറഞ്ഞു നിന്നൊരു കൺകോണിൽ
നനഞ്ഞു നിന്നൊരു സ്വപ്നത്തെ
ഉമ്മ വച്ചിട്ടോടി മറഞ്ഞൂ കുസൃതിമഴ...

Wednesday, November 14, 2012

ശിശുദിനാശംസകൾ



ഇന്ന് ശിശുദിനം...കുഞ്ഞുങ്ങളെ സ്നേഹിച്ച ‘ചാച്ചാജി’ നെഹ്രുവിന്റെ ജന്മദിനം...
അർത്ഥവത്തായൊരു സന്ദേശമായി ശിശുദിനം ഓരോ വർഷവും കടന്നു വരുന്നുണ്ട്..
എത്ര പേർ അതിനെ മനസിലാക്കുന്നുണ്ട്...?
അതിനെ പൂർണ്ണാർത്ഥത്തിൽ ഉൾകൊള്ളുന്നുണ്ട്...?
ബന്ധങ്ങൾ വേരറ്റു കൊണ്ടിരിക്കുന്ന ഇക്കാലത്ത് സ്വന്തം കുഞ്ഞുങ്ങളെ പോലും നേരാം വണ്ണം പരിചരിക്കാനോ അവരോടൊപ്പം സമയം ചെലവഴിക്കാനോ സമയം കണ്ടത്താനാവാത്ത, അല്ലെങ്കിലതിനു ശ്രമിക്കാത്ത എത്ര പേർ നമുക്കിടയിലുണ്ട്...?
സ്വന്തം ശൈശവമെങ്കിലും ഒന്നോർത്തെടുക്കാനായെങ്കിൽ,
നമ്മുടെ കുഞ്ഞുങ്ങൾക്കും മറ്റു കുഞ്ഞുങ്ങൾക്കും നഷ്ടമാവുന്നത് എന്തൊക്കെയാണെന്ന് മനസ്സിലാക്കാൻ,
സമ്മാനപ്പൊതികളിലും ആശംസകളിലുമൊതുങ്ങുന്ന ഒരു ശിശുദിനത്തിനപ്പുറം  ഒന്നു ചിന്തിക്കാൻ,
നമുക്ക് നഷ്ടമായതോ അല്ലെങ്കിൽ നാം നഷ്ടപ്പെടുത്തുന്തോ ആയ ആ കുഞ്ഞു സന്തോഷങ്ങളെ തിരിച്ചറിയാൻ നമുക്കീ ശിശുദിനത്തെ ഉപയോഗപ്പെടുത്താം. ഓർമ്മപ്പെടുത്തലിന്റെ ദിനങ്ങളിലൊന്നായി ഇതും കടന്നു പോകുമ്പോൾ മറവിയിലേക്ക് വലിച്ചെറിയാതെ തിരക്കുകളും സൌകര്യകുറവുകളും മറന്ന് കുഞ്ഞുങ്ങൾക്കൊപ്പം സമയം ചെലവഴിക്കാനും അവരുടെ കൊച്ചു കൊച്ചു സന്തോഷങ്ങളും പിണക്കങ്ങളും പരിഭവങ്ങളും ചോദ്യങ്ങളുമടങ്ങുന്ന സുന്ദരലോകത്തെ തിരിച്ചറിഞ്ഞ് അവരോടു കൂടെ അത് നുകർന്ന് അവരെ സ്നേഹിക്കാനും അതിലൂടെ നമ്മുടെ ശൈശവത്തെ ഓർത്തെടുക്കാനും നമുക്ക് ശ്രമിക്കാം.

ഓരോ കുഞ്ഞും നമ്മുടെ തന്നെ പ്രതിനിധിയാണ്...
പൊയ്‌പോയ നല്ലകാലത്തിന്റെ... നന്മയുടെ.... നിഷ്കളങ്കമായ മനസ്സിന്റെ....
നിഷേധിക്കുന്ന സ്നേഹം...നിഷേധിക്കപ്പെടുന്ന സ്നേഹം... അതിന്റെയെല്ലാം വില തിരിച്ചറിഞ്ഞ് അത് നഷ്ടമാക്കാതെ...നഷ്ടപ്പെടുത്താതെ നോക്കാം...

കുഞ്ഞുങ്ങൾ നിഷ്കളങ്കമായി ചിരിക്കുമ്പോൾ അറിയാതെ സ്വയം ചിരിച്ചുപോകുന്ന നിഷ്കളങ്കമായ  മനസ്സ് നമുക്കുമുണ്ട്.. തിരക്കുകളിൽ നമുക്ക് കൈമോശം വന്നു പോകുന്നത് ആ നിഷ്കളങ്കതയാണ്.
അതു തിരിച്ചറിയേണ്ടത് നമ്മളാണ്....

മഴവെള്ളത്തിൽ കണ്ണുനട്ടിരുന്ന ശൈശവത്തിന്.....
പട്ടം പറത്തിയും മണ്ണപ്പം ചുട്ടും കളിച്ച ബാല്യങ്ങൾക്ക്...
കുഞ്ഞനിയത്തിയുടെ കൈപിടിച്ച് നടന്ന് പൂവിറുത്ത് കൊടുത്തും  കുഞ്ഞനിയനൊപ്പം കുറുമ്പുകാട്ടിയും നടന്ന കൌമാരത്തിന്...
വേഗത കൂടിയ ജീവിതത്തിനൊപ്പം പോകെ ഇതെല്ലാം നഷ്ടമായിപ്പോയ യുവത്വത്തിന്....
തിരക്കൊഴിഞ്ഞ് കൊച്ചുമക്കൾക്കൊപ്പം ചിലവഴിക്കേണ്ട വാർദ്ദക്യങ്ങൾക്ക്....
ഓർമ്മകളുടേയും ഓർമ്മക്കുറിപ്പിന്റേയും ആർദ്രമായൊരനുഭൂതി പകർന്ന് ഒരു ശിശുദിനം കൂടി...........


Tuesday, November 13, 2012

പുറപ്പാട്...


പ്രണയപൂർവ്വമൊരു ചുംബനവും നൽകി നിദ്രയെപ്പൊഴോ എഴുന്നേറ്റു പോയിരിക്കുന്നു...
കനവും നിനവും നേർക്കാഴ്ചയും തളം കെട്ടി നിന്ന മിഴികൾ  മെല്ലെ തുറന്നു...
ചിന്തയുടെ പുതപ്പു മാറ്റി സുബോധത്തിന്റെ സ്നാനഘട്ടത്തിലേക്ക്...

പിന്നെ....ഇന്നലെകൾ കഴുകിയുണക്കി വച്ച, ജീവിതമെന്ന ഉടുപ്പിലേക്ക് ...
ഇന്നലെയുടെ മണവും ഇന്നിന്റെ ഉണർവ്വുമുണ്ടതിന്..
അവിടവിടെയായി കണ്ണീരുണങ്ങിപ്പിടിച്ച പാടുകൾ അവ്യക്തമായി കാണാം...
അതൊരുപക്ഷെ സ്വപ്നങ്ങളുടെ നാരുകൾ കൊണ്ട് നെയ്തതിനാലാവാം....
ഇഴപൊട്ടിയ ഇടങ്ങളിൽ പ്രതീക്ഷയുടെ നൂലുകൾ കൊണ്ട് തുന്നിച്ചേർത്തിരിക്കുന്നു...
ഓർമ്മകൾ കൂടുകെട്ടിയ കീശയിൽ ഇളം ചൂടുള്ള സത്യങ്ങളെയും വച്ചു...
യാഥാർത്ഥ്യത്തിന്റെ കുടുക്കുകളിൽ ദേഹത്തോട് ചേർത്തമർത്തവെ,
നാളെകളുറങ്ങുന്ന പകലിലേക്കിറങ്ങാറായെന്ന് മനസ്സു മന്ത്രിച്ചു..
ലക്ഷ്യബോധത്തിന്റെ സഞ്ചിയിൽ തിരിച്ചറിവിന്റെ കുറിപ്പുകളുണ്ടെന്നുറപ്പു വരുത്തി...
മൌനം കൊണ്ടു പൊതിഞ്ഞ മനസ്സാക്ഷി പാഥേയമായെടുത്തു,
നഷ്ടങ്ങളുടെ ഇരുട്ടിനെ അകത്തേക്ക് തള്ളിയമർത്തി ഹൃദയത്തിന്റെ കതകടച്ചു...
ഉൾക്കാഴ്ചയുടെ കരുത്തുള്ള പക്വതയുടെ പാദുകങ്ങളണിഞ്ഞ് ഇന്നിന്റെ ഇടവഴിയിലേക്ക്...