Tuesday, November 13, 2012

പുറപ്പാട്...


പ്രണയപൂർവ്വമൊരു ചുംബനവും നൽകി നിദ്രയെപ്പൊഴോ എഴുന്നേറ്റു പോയിരിക്കുന്നു...
കനവും നിനവും നേർക്കാഴ്ചയും തളം കെട്ടി നിന്ന മിഴികൾ  മെല്ലെ തുറന്നു...
ചിന്തയുടെ പുതപ്പു മാറ്റി സുബോധത്തിന്റെ സ്നാനഘട്ടത്തിലേക്ക്...

പിന്നെ....ഇന്നലെകൾ കഴുകിയുണക്കി വച്ച, ജീവിതമെന്ന ഉടുപ്പിലേക്ക് ...
ഇന്നലെയുടെ മണവും ഇന്നിന്റെ ഉണർവ്വുമുണ്ടതിന്..
അവിടവിടെയായി കണ്ണീരുണങ്ങിപ്പിടിച്ച പാടുകൾ അവ്യക്തമായി കാണാം...
അതൊരുപക്ഷെ സ്വപ്നങ്ങളുടെ നാരുകൾ കൊണ്ട് നെയ്തതിനാലാവാം....
ഇഴപൊട്ടിയ ഇടങ്ങളിൽ പ്രതീക്ഷയുടെ നൂലുകൾ കൊണ്ട് തുന്നിച്ചേർത്തിരിക്കുന്നു...
ഓർമ്മകൾ കൂടുകെട്ടിയ കീശയിൽ ഇളം ചൂടുള്ള സത്യങ്ങളെയും വച്ചു...
യാഥാർത്ഥ്യത്തിന്റെ കുടുക്കുകളിൽ ദേഹത്തോട് ചേർത്തമർത്തവെ,
നാളെകളുറങ്ങുന്ന പകലിലേക്കിറങ്ങാറായെന്ന് മനസ്സു മന്ത്രിച്ചു..
ലക്ഷ്യബോധത്തിന്റെ സഞ്ചിയിൽ തിരിച്ചറിവിന്റെ കുറിപ്പുകളുണ്ടെന്നുറപ്പു വരുത്തി...
മൌനം കൊണ്ടു പൊതിഞ്ഞ മനസ്സാക്ഷി പാഥേയമായെടുത്തു,
നഷ്ടങ്ങളുടെ ഇരുട്ടിനെ അകത്തേക്ക് തള്ളിയമർത്തി ഹൃദയത്തിന്റെ കതകടച്ചു...
ഉൾക്കാഴ്ചയുടെ കരുത്തുള്ള പക്വതയുടെ പാദുകങ്ങളണിഞ്ഞ് ഇന്നിന്റെ ഇടവഴിയിലേക്ക്...

3 comments:

  1. വിവക്ഷൂ
    എന്താണ് വിവക്ഷ?
    അങ്ങോട്ട് മനസ്സിലാവുന്നില്ലല്ലോ!

    ReplyDelete
    Replies
    1. ഉറക്കം മരണസമാനമെന്ന പോലെ ഓരോ ദിവസവും പുതിയ ഓരോ ജീവിതമായും,
      ആത്മാവ് ഉറക്കമാകുന്ന മരണം വിട്ടെഴുന്നേറ്റ് ഇന്നിന്റെ പകലിലേക്കിറങ്ങുന്നത് പുതിയൊരു ദിവസത്തിലേക്ക് നമ്മളിറങ്ങുന്ന പോലെയുമാണെന്ന് ഒന്നു ചിന്തിച്ചു നോക്കിയതാണ്. സാധാരണ നമ്മളെണീറ്റ് കുളിച്ച് ഉടുപ്പിട്ട് വീടു പൂട്ടി പുറത്തിറങ്ങുന്നതുമായി ഒരു താരത‌മ്യം...!!
      പാളിപ്പോയല്ലേ... വിട്ടുകള..!!
      :-)

      Delete
    2. ഇപ്പോള്‍ തെളിവായി
      നന്ദി

      Delete