Monday, May 27, 2013

ഒറ്റക്ക്....




പട്ടുടുത്ത പകലുകൾ മായുമ്പോൾ
പരിധിവിട്ടകലുന്നു കാഴ്ചകൾ...
കളിയരങ്ങിൽ ഞാനൊറ്റയാകുന്നു പിന്നെയും.

വിദ്വേഷമുണ്ട വിരലുകൾക്കപ്പുറമെങ്ങും വിധേയൻ...
വരമരുളിക്കടന്നു പോയതെത്രയോ കിനാക്കൾ...
വിധിയുണങ്ങിപ്പിടിച്ചത് കണ്ണീരു തട്ടി അലിഞ്ഞുടയുന്നു...

വംശമറ്റ മോഹങ്ങളുണ്ടനവധി..
വാശിയേറ്റിയ വിശപ്പുണ്ടിന്നും കൂട്ടിന്...
നിലവിളികളൊതുക്കിയ വിവേകത്തിനോടാണിന്നും കടപ്പാട്...

വരിക...അറിവിന്റെ വിളക്കു കൊളുത്തിയ നോവിന്റെ ഓർമ്മകളേ,,,
വറ്റുതേടവെ വിശപ്പിനെ വർണ്ണിക്കുന്ന വിശ്വവിരോധിയാമൊരു വിമർശകനെ കാണുക...
കാലമേറ്റിയ നിനവിന്റെ കടലിൽ ഞാനൊറ്റയ്കിരിപ്പുണ്ട്...
കറുത്തിരുണ്ട നഷ്ടമോഹങ്ങളെന്നെ തഴുകുന്നു....
പ്രണയചഷകത്തിൽ കുടികിടപ്പുണ്ട് നഷ്ടമോഹങ്ങളുടെ കണ്ണികൾ...
തീരങ്ങളിനിയെത്ര ബാക്കിയുണ്ടാകാമെന്നറിയാതെയവ തിരകളെണ്ണി നടക്കുന്നുണ്ട് പിന്നെയും...

തമസ്സാമാഴിയിലേക്ക് യാത്ര തുടങ്ങുന്ന മൌനവിചാരങ്ങളുടെ മടിത്തട്ടിൽ കിടന്നീടണം...
ഇമയിറ്റു വീണ വിയർപ്പിന്റെ വർണ്ണത്തിൽ വരിയൊളിപ്പിച്ചൊരു കവിതയുടെ പ്രണയമറിയുവാൻ...
മരണം... മന്ത്രവീചികളില്ലാതെ എത്താവുന്ന മായാലോകമിനി കണ്ടെത്തണം...
കാരണം, കനവിന്റെ...കാലമുണർത്തുന്ന കനിവിന്റെ മെത്തയിലിന്നും  ഞാൻ ഒറ്റയാണ്...

2 comments:

  1. മെത്തയിലിന്നും ഒറ്റയാണോ..?
    ആലോചിക്കേണ്ടിയിരിയ്ക്കുന്നു

    പ്രണയചഷകമല്ലേ?

    ReplyDelete
  2. മെത്ത മാറ്റുന്നതല്ലേ ബുദ്ധി? പട്ടുടുത്ത പകല് വാഴാത്ത മെത്ത ആവും
    നന്നായി

    ReplyDelete