Tuesday, June 4, 2013

“ ജീവിതം - ഒരു തുടർച്ച ”

വിയർപ്പു വീണു കുതിർന്ന കൺപീലികളെ വലിച്ചു തുറന്ന് ഞാൻ ഓടുകയാണ്..
കാരണം, മരണം എന്നെത്തിരയുന്നുണ്ട്..
എന്നെ കണ്ടെടുക്കേണ്ടതവന്റെ ലക്ഷ്യമാണ്...
നിയോഗങ്ങളുടെ മറ പിടിച്ച് ഞാനിന്നും തലനാരിഴക്ക് രക്ഷപ്പെട്ടു...
ഇന്നലെ, വംശമറ്റു പോകുന്ന ലക്ഷ്യങ്ങൾക്ക് മുൻപിൽ ഞാൻ തല കുനിച്ചിരിക്കുമ്പോഴവൻ എനിക്കരികിലൂടെ അവൻ നടന്നു പോയിരിക്കാം...
കൈകളിൽ മുഖം പൂഴ്ത്തിയതിനാലെന്നെ തിരിച്ചറിയപ്പെടാഞ്ഞതാവാം...
ഇനിയൊരുപക്ഷെ, ആയുസ്സളവിനാൽ അല്പമകന്നു നിന്ന് വിധി അവനെ വഴി തെറ്റിച്ചതും ആവാം.....
എങ്കിലും, എനിക്ക് പ്രിയമുള്ളവരിൽ പലരെയും അവൻ കണ്ടെടുക്കുന്നതും അവരിൽ ചിലരെ കീഴ്പ്പെടുത്തിക്കളഞ്ഞതും ഞാൻ കണ്ടു...


മനസ്സു കൊണ്ട് അവന്റെ ശക്തിയെ തിരിച്ചറിയുമ്പൊഴും അതിജീവനത്തിന്റെ വിത്തുമായി എന്നിൽ പ്രതീക്ഷകൾ പൂക്കുന്നത് നിയോഗത്തിന്റെ വിജയമാവാം.
അല്ലെങ്കിലും, മരണമെന്ന അവനും ജീവിതമെന്ന ഞാനും നിയോഗമെന്ന ഗുരുവിനു കളിപ്പാട്ടങ്ങളാണല്ലോ...
സാമർത്ഥ്യമെന്നും അവനാണു കൂടുതൽ... കാപട്യവും...
അവന്റെ കരവിരുതും കൌശലവും കണ്ട് കണ്ണുമിഴിച്ചിരിക്കാനേ പലപ്പോഴും കഴിഞ്ഞിട്ടുമുള്ളൂ...
എനിക്കു മേലുള്ള ജയം പലപ്പോഴും അവന്റെ ചാപല്യം മാത്രമാണെന്ന് തോന്നിയിട്ടുണ്ട്..
കാരണം അവനെന്ന ഭയത്താൽ ഞാനെന്നേ തോറ്റു പോയിരിക്കുന്നു...
അവസരങ്ങൾക്കു വേണ്ടിയാണവൻ കാത്തിരുന്നത്...
അനർഹമെന്ന് കരുതപ്പെടുന്ന അവസരങ്ങൽ കൊണ്ടാണ് ഞാനവയോരോന്നും തരണം ചെയ്തു കൊണ്ടിരുന്നതും...
ഒരിക്കൽ ആ ഉറവയൊടുങ്ങുമെന്നും ഞാൻ പിടിയ്കപ്പെടുമെന്നുമവനെപ്പൊഴും വിളിച്ചു പറയുകയും ചെയ്യുമായിരുന്നു...
ഓടിയോടി തളർന്നു കഴിഞ്ഞിരിക്കുന്നു...ഇനിയും വയ്യ...
അതാ അവനടുത്തെത്തിയിരിക്കുന്നു....
അർത്ഥവ്യാപ്തിയുടെ പടനിലത്ത് നിസ്സഹായനായി ഞാൻ നിൽക്കുമ്പൊഴും സായുധധാരിയായ അവനെന്നെ നോക്കി വെറുതെ ചിരിക്കുന്നു...
പരിക്ഷീണനായി അനിവാര്യതയ്ക് മുൻപിൽ പകച്ചു നിൽക്കുന്ന നേരത്തും എന്നോടവന്  പരിഹാസമാണ്...
എന്നെ വിഷാദത്തിന്റെ സ്വപ്നശയ്യയിലേക്കെടുത്തെറിഞ്ഞു കൊണ്ടവൻ ഉരുവിട്ടു..
“സമയമായില്ലാ പോലും...”
അവന്റെ കാപട്യവും കൌശലവും ഇനിയും തീരുന്നില്ലായിരിക്കാം..
നിയോഗങ്ങൾക്ക് കളി കണ്ടു മതി വരും വരെ തുടരേണ്ടിയിരിക്കുന്നു..
അഭിശപ്തമായ പകലുകൾക്കും അനഭിലഷണീയമായ രാവുകൾക്കും പറഞ്ഞു നടക്കാൻ കഥകളായി ഇനിയുമിത് തുടരും...

2 comments:

  1. ഓടേണ്ട ഓടേണ്ട
    ഓടിത്തളരേണ്ടാ

    ReplyDelete
  2. അഭിശപ്തമായ പകലുകൾക്കും അനഭിലഷണീയമായ രാവുകൾക്കും പറഞ്ഞു നടക്കാൻ കഥകളായി ഇനിയുമിത് തുടരും...

    ReplyDelete