Monday, July 16, 2012

ബ്ലോഗർ ..????

എന്താണീ ബ്ലോഗർ...???????

സ്വയം അവരോധിക്കപ്പെട്ട സർഗാത്മകതയുടെ ‘ആചാര്യർ’ ബൂലോകത്തിന്റെ സ്പന്ദനങ്ങളിൽ കടന്നു കയറി നിർദ്ദേശങ്ങളും നിയമാവലികളും കൊണ്ട് ബ്ലോഗറെന്ന വംശത്തിനെ അളന്നെടുക്കാൻ ശ്രമിക്കുമ്പോൾ ഉയർന്നു വന്ന ഒരു സംശയം മാത്രമാണിത്....
ഇന്നലെ വരെ ഞാനുമൊരു ബ്ലോഗറെന്ന് പറയാനാവുമെന്ന ചെറിയൊരു പ്രതീക്ഷയുണ്ടായിരുന്നു...
അതിനാലാണ് സൌജന്യമായി കിട്ടിയ ബ്ലോഗ്സ്പോട്ടിൽ സ്വന്തമായൊരു ബ്ലോഗ് തുടങ്ങണമെന്ന ആഗ്രഹം ഉടലെടുത്തതും.. കണ്ടകശനിയിലേക്കായിരുന്നോ ആ കാൽവെപ്പ്..?
സ്വന്തം മനോവിചാരങ്ങൾക്ക് അക്ഷരങ്ങളുടെ രൂപം കൊടുക്കാനുള്ള കഴിവാണ് ബ്ലോഗർക്കുണ്ടാകേണ്ടതെന്ന തിരിച്ചറിവായിരുന്നു ഇതു വരെ ബ്ലോഗറാവാനുള്ള യോഗ്യതയായി കണ്ടിരുന്നത്.. നിശബ്ദനായൊരു വായനകാരനെന്ന ആത്മധൈര്യത്തിൽ തന്റേതായ ഭാഷയിൽ  മനോവിചാരങ്ങളെ ചിന്തകളിൽ നിന്ന് വാക്കുകളിലേക്ക് പരിവർത്തനം ചെയ്യുമ്പോൾ മാനസികമായി അനുഭവപ്പെടുന്ന സംതൃപ്തി മാത്രമാണ് ഒരു സാധാരണക്കാരനായ ബ്ലോഗറെന്ന നിലയിൽ നേട്ടമായി കണക്കാക്കാവുന്നതെന്നും. ഏവർക്കുമുള്ളിൽ പുറമേ കാണുന്നതിൽ നിന്നും തികച്ചും വ്യത്യസ്തമായ സ്വത്വമുണ്ട്.  ഉറക്കത്തിൽ സംസാരിക്കുക പോലെ അബോധമനസ്സിന്റെ വെളിപ്പെടുത്തലുകളായി ആ സ്വത്വത്തിലെ നന്മയും തിന്മയും മറയില്ലാതെ പുറത്തു വരുന്ന ചുരുക്കം ചില സന്ദർഭങ്ങളേ ഉണ്ടാകുകയുമുള്ളൂ. ഒരു സാധാരണ ബ്ലോഗറുടെ രചനകൾ അത്തരം ചിലത് മാത്രമാണ് പലപ്പോഴും. ബോധപൂർവ്വമായോ അല്ലാതെയോ അതിൽ കടന്നു വരുന്ന സർഗാത്മകത എന്ന കഴിവിലൂടെ ചുരുക്കം ചിലർ തങ്ങളിൽ അറിയാതെ പോയ കഴിവു കണ്ടെടുക്കുന്നുണ്ടെങ്കിൽ പോലും ബഹുഭൂരിഭാഗവും തൃപ്തിപ്പെടുന്നത് തങ്ങളുടെ ചിന്താഭാരങ്ങളെ മനസ്സിൽ നിന്നും ബ്ലോഗിലേക്ക്  ഇറക്കിവയ്കുക എന്നതിലൂടെ മാത്രമാണ്. സ്വന്തം അഭിപ്രായം വെളിപ്പെടുത്താനാവാത്ത മനസ്സാക്ഷിയുമായി ജീവിക്കുന്നവരിൽ മലയാളികളോളം സമ്പന്നരില്ലാ താനും. അതു കൊണ്ടാവാം ഇത്തരം സാധ്യതകളെ ഏറ്റവുമധികം ഉപയോഗപ്പെടുത്തുന്നതും മലയാളികൾ തന്നെ. ബോധമനസ്സാൽ മറച്ചു വച്ചിരുന്ന സംസ്കാരശൂന്യതയുടെ നിയന്ത്രണം ഇവിടങ്ങളിൽ ഇവർക്ക് നഷ്ടപ്പെടുന്നതും പലപ്പോഴും കാണാം.
ബ്ലോഗിലെ രചനകളിലും ഇതനുഭവപ്പെടും. മുൻപ് കണ്ടും കേട്ടും അറിഞ്ഞവരായിരിക്കില്ല രചനകളിലൂടെ വെളിപ്പെടുന്നത്. ചിരിക്കുന്ന മുഖങ്ങൾക്കുള്ളിൽ ചതിയൊരുക്കി ബോധപൂർവ്വം മുഖം മൂടിയണിയുന്നവർ ഇവിടേയും ഉണ്ടെന്ന്  തിരിച്ചറിയാനാവുന്നതും ഇപ്രകാരം തന്നെ.
വായനക്കാരന്റെ വേഷത്തിൽ ബ്ലോഗുകളിലൂടെ കടന്നു പോകുമ്പോൾ എന്നിലെ വായനക്കാരനു കിട്ടുന്നത് കുറേയേറെ തിരിച്ചറിവുകളും സാമൂഹികവും സാംസ്കാരികവും അതിനൊപ്പം തന്നെ സാങ്കേതികവുമായ മികച്ചൊരു മാർഗനിർദ്ദേശവും തന്നെയാണ്. അതു പക്ഷെ സർഗാത്മകതയുടെ അളവു കൊണ്ടല്ലാ എന്നിൽ അനുഭവപ്പെടുന്നതെന്നു മാത്രം. കാല്പനികമായ ഭാഷയിൽ സർഗാത്മകമായി വായനക്കാരനോട് സംവദിക്കാൻ എഴുത്തുകാരനുള്ള കഴിവിനേക്കാൾ, തന്റെ വികാരവിചാരങ്ങളെ സാധാരണക്കാരന്റെ ഭാഷാപ്രയോഗങ്ങളാൽ വായിക്കുന്നവരിൽ തങ്ങളുടേതെന്ന പോലെ അനുഭവപ്പെടുത്തുന്ന  ബ്ലോഗറുടെ കഴിവിനെ സർഗാത്മകത കൊണ്ടളക്കരുത്.....എഴുതാനായി എഴുതുന്ന....രചനകളിലൂടെ കിട്ടിയ അഭിപ്രായങ്ങളുടെ എണ്ണം പറഞ്ഞഹങ്കരിക്കുന്ന ബ്ലോഗർ ഇപ്പറഞ്ഞവയിലില്ല... കളവില്ലാത്ത വിചാരങ്ങളും കലർപ്പില്ലാത്ത വികാരപ്രകടനങ്ങളുമായി കടന്നുവരുന്ന രചനകൾ മാത്രമാണിവ.. അവയിലെ എഴുത്തുകാരന് പ്രായലിംഗജാതിഭേദങ്ങൾ കാണരുത്.... അവയിൽ വലിയവരോ ചെറിയവരോ ഉണ്ടാവില്ല.. അക്ഷരങ്ങളും അവ നൽകുന്ന അർത്ഥങ്ങളും അന്തരാർത്ഥങ്ങളും മാത്രമാണവയ്ക് രൂപം നൽകുന്നത്. അവയിലെ സർഗാത്മകതയെ പുകഴ്ത്തിയോ ഇകഴ്ത്തിയോ സംഘടിപ്പിക്കാനോ വിഘടിപ്പിക്കാനോ ശ്രമിക്കുന്നവർ ഇവർക്കെങ്ങനെയാണ് വിലയിടുന്നതെന്നെനിക്കറിയില്ല.. പക്ഷെ അവയെത്ര മാത്രം ആത്മാർത്ഥമാണെന്ന് മാത്രം ആകുലപ്പെടുന്നു.


 ഓ. ടോ :-

മനുഷ്യനാവുക ഒരു കലയാണ്‌
ബ്ലോഗർമാർക്കുള്ളിലെ  സ്വകാര്യപ്രശ്നങ്ങൾ ഉൾകൊള്ളിച്ച ഒരു രചനയിൽ നിന്നും കടമെടുത്തതാണിത്..
മനുഷ്യനാവുക എന്നതൊരിക്കലും ഒരു കലയല്ലെന്നാണെന്റെ അഭിപ്രായം. സ്വയം തിരിച്ചറിഞ്ഞുകൊണ്ട് സ്വയം വെളിപ്പെടുത്തുക എന്നതാണ് മനുഷ്യനാവുക എന്നത് എന്നു ഞാൻ വിശ്വസിക്കുന്നു. സ്വയം വിലയിരുത്തി തെറ്റുകൾ തിരുത്തി ജീവിക്കുകയെന്നതാണ് മാനുഷികം എന്നും വിശ്വസിക്കുന്നു. തങ്ങളിലെ കഴിവുകൾ കൊണ്ട് മറ്റൊന്നിനെ തന്നിലേക്കാവാഹിക്കുക എന്നതിലാണ്  “കല” എന്നത് എന്നിൽ വിലകല്പിക്കപ്പെടുന്നത്. മാനുഷികമായതെന്തോ അതിന്റെ വിപരീതഭാവമെന്നു ചുരുക്കം.

നിശബ്ദനായ ഒരു വായനക്കാരനെന്ന നിലയിൽ ബൂലോകത്തിലെ ഇത്തരം പ്രവണതകളോട് വെറുപ്പ് മാത്രമേയുള്ളൂ.. അനോണിയും സനോണീയുമൊക്കെയായി ആരും ആരുടേയും അഭിപ്രായം എവിടേയും വെളിപ്പെടുത്തിക്കൊള്ളട്ടെ..സഭ്യമായ രീതിയിൽ ആയാൽ മാത്രം മതി.
സ്വന്തം രൂപത്തിൽ അഭിപ്രായം രേഖപ്പെടുത്തുന്നവരോളം തന്നെ അനോണിയായി അഭിപ്രായപ്പെടുന്നതിലും ശരികളുണ്ടാവാം. അതുൾക്കൊള്ളാനുള്ള മാനുഷികത മാത്രം ഉണ്ടായാൽ മതി.
അതുപോലെ തന്നെ പറയുന്നത് ശരിയായാലും തെറ്റായാലും അത് സ്വന്തം രൂപത്തിലായാലും മുഖം മൂടിയിലായാലും സഭ്യമായ ഭാഷയിലാവുന്നതാവും ഉത്തമം. മനുഷ്യൻ മനസ്സു കൊണ്ട് സംസാരിക്കുമ്പോൾ സ്വയമറിയാതെ സംസ്കാരം വെളിപ്പെടുന്നത് തിരിച്ചറിയുക തന്നെ വേണം.
തത്ത്വം പറയാൻ സ്വന്തം രൂപവും യാഥാർത്ഥ്യത്തിനു മുഖം‌മൂടിയും കൊണ്ടു നടക്കുന്നവരും കുറവല്ലാ താനും. ആരും ആരേക്കാളും വിഡ്ഡികളല്ലാ...മിടുക്കരും...പിന്നിലൊളിപ്പിച്ച തിരിച്ചറിയപ്പെടാത്ത മുഖം‌മൂടികളിൽ വിശാസമർപ്പിച്ച് സദാചാരത്തിന്റെ വാചകകസർത്ത് നടത്തുന്ന പ്രമാണിമാരും മുഖം‌മൂടിയുടെ മറവിൽ അസഭ്യവർഷം നടത്തുന്ന പ്രമാണിമാരും വാഴുന്ന ഈ ബൂലോകം ഇനിയും നീണാൾ വാഴുമോ...?

5 comments:

  1. വിവക്ഷു...
    ബൂലോകം നീണാള്‍ വാണാല്‍ വാഴട്ടെ, വീണാല്‍ വീഴട്ടെ

    പക്ഷെ:
    “അതുപോലെ തന്നെ പറയുന്നത് ശരിയായാലും തെറ്റായാലും അത് സ്വന്തം രൂപത്തിലായാലും മുഖം മൂടിയിലായാലും സഭ്യമായ ഭാഷയിലാവുന്നതാവും ഉത്തമം. മനുഷ്യൻ മനസ്സു കൊണ്ട് സംസാരിക്കുമ്പോൾ സ്വയമറിയാതെ സംസ്കാരം വെളിപ്പെടുന്നത് തിരിച്ചറിയുക തന്നെ വേണം”

    ഇപ്പറഞ്ഞത് വളരെ ഇഷ്ടപ്പെട്ടു. എനിക്ക് ഞാന്‍ വലുതെന്നുള്ള അഹന്തയോ ചെറുതെന്നുള്ള അപകര്‍ഷതയോ ഇല്ല. അതുകൊണ്ട് എന്റെ ഐഡന്റിറ്റി കൊടുക്കുന്നതില്‍ വിമുഖതയുമില്ല. സഭ്യമല്ലാത്തതൊന്നും കോപത്തോടെയും അസഹിഷ്ണുതയും എന്റെ കീബോര്‍ഡില്‍ നിന്ന് വരികയുമില്ലെന്ന് ഞാന്‍ ഉറച്ചിരിക്കുന്നു.

    ഇനിയും വരുമോ ഇത്തരം വിഷയങ്ങളുമായിട്ട്...?
    പലരും ഇതുപോലെ വന്ന് കാര്യം പറഞ്ഞിട്ട് പിന്നെ കാണാറില്ല.

    ReplyDelete
    Replies
    1. എഴുതാനായി എഴുതുന്ന ശീലം ഇല്ലെന്നതു കൊണ്ട് തന്നെ പോസ്റ്റുകളുടെ കാര്യത്തിൽ ഒരുറപ്പും പറയാനാവില്ല. സ്വന്തം എഴുത്തിനേക്കാൾ മറ്റുള്ളവരുടെ രചനകള് വായിച്ചാസ്വദിക്കുന്നതാണ് താല്പര്യം.
      അസഹിഷ്ണുതയും കോപവും കൊണ്ടാണെങ്കിൽ പോലും സ്വയമറിയാതെ പ്രകടിപ്പിക്കപ്പെടുന്നവ ആത്മാർത്ഥമായ വ്യക്തിത്വപ്രകാശനമാണ്. സഭ്യമോ അസഭ്യമോ ആയ ഭാഷയിൽ മറയില്ലാതെ പ്രതികരിക്കുന്നതിലൂടെ വ്യക്തിത്വങ്ങൾ തിരിച്ചറിയപ്പെടട്ടെ.. അവയിലൂടെ സ്വയം തിരുത്തപ്പെടുക എന്നതിൽ കവിഞ്ഞ് മറ്റൊന്നും കണക്കാക്കപ്പെടേണ്ടതുമില്ലാ താനും. പുറമേ ചിരിക്കുന്ന മുഖങ്ങൾക്കുള്ളിൽ പലതും അകമേ ചീഞ്ഞളിഞ്ഞ അവസ്ഥയിലാണെന്നിരിക്കെ
      വെളിപ്പെടുത്തലുകൾക്ക് വലിയ സ്ഥാനമുണ്ടെന്ന് കരുതുന്നില്ല. ആരോഗ്യപരമായ ഒരകലം എല്ലാ ബന്ധങ്ങളുടേയും നിലനില്പിന് അത്യാവശ്യമാണ്.

      നന്ദി.

      Delete
  2. വിവക്ഷു..
    നല്ല ഉദ്യമം..
    ആശംസകള്‍..

    ReplyDelete
  3. സുന്ദരമായ ഭാഷ. വളരേ വ്യക്തമായ ആശയസംവേദനം. രമേശിന്റെ ബ്ലോഗില്‍ കണ്ട കമെന്റില്‍ നിന്ന് 'ഇതാരാപ്പാ' എന്നറിയാന്‍ വന്നതാണേ....

    "തന്റേതായ ഭാഷയില്‍ മനോവിചാരങ്ങളെ ചിന്തകളില്‍ നിന്ന് വാക്കുകളിലേക്ക് പരിവര്‍ത്തനം ചെയ്യുമ്പോള്‍ മാനസികമായി അനുഭവപ്പെടുന്ന സംതൃപ്തി മാത്രമാണ് ഒരു സാധാരണക്കാരനായ ബ്ലോഗറെന്ന നിലയില്‍ നേട്ടമായി കണക്കാക്കാവുന്നത്". ഞാനും അത്തരമൊരു മനസ്സോടെയാണ് ബ്ലോഗെഴുത്തു തുടങ്ങിയതെങ്കിലും പിന്നീട് നമ്മുടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് പിടിപെട്ട 'പാര്‍ലമെന്ററി വ്യാമോഹം' എനിക്കും വന്നുപെട്ടു, കേട്ടോ. ഇപ്പോഴും കമെന്റുകളുടെ എണ്ണത്തിലല്ല നിലവാരത്തിലാണ് ഞാന്‍ അഭിമാനിക്കാറുള്ളത് (മിക്കവാറും ആറോ ഏഴോ മാത്രമേ കിട്ടാറും ഉള്ളൂ). പിന്നെ ഒരു 'തുറന്നെഴുത്ത്' സാധ്യമല്ല - ഞാന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ അതിന് നിയന്ത്രണങ്ങളുണ്ട്. അതുകൊണ്ടൊക്കെയാണ് ഞാന്‍ ഈ പ്രശ്നങ്ങളില്‍ നിന്നു രക്ഷപെട്ടു നില്‍ക്കുന്നത്.

    തുടര്‍ന്നും എഴുതുക. ഇത്രയ്ക്കു നന്നായി എഴുതാന്‍ കഴിയുന്നവര്‍ മിണ്ടാതിരിക്കുന്നത് കഷ്ടമാണ്...

    ReplyDelete
  4. ബൂലോകം വാഴട്ടെ മാഷേ... അത്ര പെട്ടെന്ന് ഇടിഞ്ഞു പൊളിഞ്ഞു വീഴൂല.. കൊള്ളാം ട്ടോ എഴുത്തിന്‍റെ ഭാഷ

    ReplyDelete