Friday, October 11, 2013

പ്രയാണം


കലിപൂണ്ട കാലം എത്രതന്നെ ആടിതിമിർത്താലും മറവിയുടെ പേമാരികളെത്ര തന്നെ കോരിച്ചൊരിഞ്ഞാലും ഇന്നലെകൾ മനസ്സിൽ കോറിയിട്ടതൊന്നും മായുന്നില്ല. കാരണം, കരുത്തുറ്റ ഓർമ്മകളുടെ നാരായം കൊണ്ട് വീണ്ടുമവ എഴുതപ്പെട്ടു കൊണ്ടേയിരിക്കുന്നു ...

നഷ്ടബോധത്തിന്റെ നിഴലുകൾ യുദ്ധം ചെയ്യുന്ന ഓർമ്മകളുടെ താഴ്വരയിൽ മറവിയിലേക്ക് മറഞ്ഞു പോകുന്ന ഇന്നലെകളുണ്ടായിരിക്കാം....
പക്ഷെ, ഒരു മറവിയ്കും കടന്നെടുക്കാനാവാതെ കാത്തു വയ്കപ്പെടുന്ന ചുരുക്കം ചില മുഖങ്ങളിലൂടെ നിയോഗങ്ങൾ പുനർജനിയുടെ കൂട്ടിൽ പിറവി തേടിക്കൊണ്ടേയിരിക്കും....
സ്വത്വബോധത്തിനും സ്വാർത്ഥവിചാരത്തിനുമപ്പുറം നിയോഗങ്ങളാൽ നിസ്സഹായനാക്കപ്പെടുമ്പോൾ പകച്ചു നിൽകാനാവില്ല... പകയടക്കി പരിധിയളന്ന് മുന്നോട്ട് നടന്നേ മതിയാകൂ...
കാഴ്ചപ്പുറങ്ങളിൽ കണ്ടെടുക്കാനായില്ലെങ്കിൽ പോലും ചിലതെങ്കിലും ഓർമ്മപ്പുറങ്ങളിൽ എത്തിപ്പെടുന്നുവെന്നതിൽ സന്തോഷം...

ഓർത്തെടുക്കാനാവാത്തതായി ഒന്നും ഇന്നലെകളിലില്ല.....
മറവിയുടെ കൈകളിൽ ഓർമ്മകളെ പണയം വച്ചത് നിയോഗങ്ങളുടെ ഉൾവിളികളുണ്ടെന്നതു കൊണ്ട് മാത്രമാണ്....
പിന്‌വിളികൾക്കായി വിട്ടു കൊടുക്കാനില്ലാത്തതു കൊണ്ടാണ് എണ്ണപ്പെട്ട നിമിഷങ്ങളുമായി ഓടിയകലുന്നത്...

നാമറിയാതെ നമുക്ക് വിലയിടുന്നവർ കദനം കൊണ്ട് സ്വാധീനിക്കുമെന്നതു കൊണ്ട്
കേട്ടറിവുകൾ കൊണ്ട് വഞ്ചിക്കപ്പെടാതിരിക്കേണ്ടിയിരിക്കുന്നു....
കഥകൾ കാല്പനികതയുടെ വക്താക്കൾക്ക് കുട്ടിക്കളിയാണ്...
കിനാവു കൊണ്ടളന്നവയിലേക്ക് ദൂരക്കൂടുതലുണ്ടെന്നറിയുമ്പോൾ ഇടവഴികൾ തേടുകയെന്നത് പൊതുസ്വഭാവം മാത്രമാണല്ലോ....

വിചാരങ്ങളല്ലാ വിവേകങ്ങൾ കൊണ്ടാണിന്ന് പ്രയാണം...
അല്ലെങ്കിൽ വിഷാദം വിയർപ്പിലലിയിച്ച വേർപ്പാടുകൾക്ക് വിലക്കപ്പെട്ട വാസ്തുശാസ്ത്രം കണക്കെഴുതും..

1 comment:

  1. കാഴ്ചപ്പുറത്തിനപ്പുറവും
    ഓര്‍മ്മപ്പുറത്തിനിപ്പുറവുമാകുന്നു കഥ

    ReplyDelete