Sunday, June 9, 2013

ഏകാന്തം


മനസ്സ് മന്ത്രിക്കുന്നത് തിരിച്ചറിയും വരെ എല്ലാം സാധാരണം തന്നെയായിരുന്നു.
പക്ഷെ അസാധാരണമെന്ന് വിശേഷിപ്പിക്കപ്പെട്ട ആത്മബോധങ്ങളില്‍ ഞാനെന്നും നഗ്നനായിരുന്നു.
നിശ്വാസങ്ങളില്‍ എന്റെ മൌനങ്ങളെ കോര്‍ത്തെടുത്ത് വസ്ത്രമൊരുക്കി തന്നത് നീയായിരുന്നു.
നിന്റെ നഖമുനകൊണ്ട് എന്റെ കൈവെള്ളയില്‍ നീയൊരുക്കിയ ജീവിതരേഖകള്‍ ഇന്നും വ്യക്തമാണ്...
നിയോഗങ്ങളുടെ വരകളില്‍ നിഴലുകൊണ്ട് വരച്ചിട്ട സുഖദു:ഖങ്ങള്‍ പോലും തികച്ചും സുന്ദരം.
ആയുര്‍‌രേഖയിലൂടെ വംശാവലികളെഴുതിച്ചേര്‍ത്ത് നീയെന്നെ അത്ഭുതപ്പെടുത്തി..
പകലുകള്‍ക്ക് ശാഖകളും രാവുകള്‍ക്ക് ഒറ്റവരകളും കൊണ്ട് നീയെങ്ങനെയതിനെ വരച്ചെടുത്തുവെന്നത് ഇന്നും എന്നെ ആശ്ചര്യപ്പെടുത്തുന്നു..
മോഹഭംഗങ്ങളുടെ മങ്ങിയ വരകള്‍ കൈവെള്ളയും കടന്ന് താഴേക്കിറങ്ങുന്നത് കണ്ട് ഞാന്‍ ഭയപ്പാടോടെ നോക്കിയപ്പോള്‍ ഉള്‍ക്കാഴ്ചയുടെ വെളിച്ചം നിറച്ച് നീയവയെ പിന്നേയും അവ്യക്തമാക്കി.
നിമിഷാര്‍ദ്ധങ്ങളുടെ വ്യത്യാസത്തില്‍ എന്റെ കണ്‍പീലികള്‍ക്കിടെ നീയെന്റെ സുബോധത്തിനെ എങ്ങനെയാണുള്‍ക്കൊള്ളിച്ചതെന്ന് ഇന്നും എനിക്കറിയില്ല.
ചലനമറ്റ നാസികയിലൂടെ എത്രയെളുപ്പത്തിലാണ് നിശ്വാസങ്ങളുടെ ഗതിവിഗതികള്‍ നീ ക്രമപ്പെടുത്തിയത്...
വിരസമായെന്നു തോന്നിയപ്പോള്‍ എന്റെ ചൊടികളില്‍ വികാരവിചാരങ്ങള്‍ക്ക് നീ അവകാശം നിര്‍ണ്ണയിച്ചു.
നിലാവസ്തമിച്ച് ഇരുളടയുന്ന പോല്‍ നീയെങ്ങിനെയാണെന്റെ ചിന്തകള്‍ക്ക് ജനനമരണങ്ങള്‍ കല്പിച്ചത്...?
വശംവദനായിരിക്കുന്ന ജിഹ്വയെ നീയെങ്ങിനെ പ്രാവര്‍ത്തികമാക്കിയെന്നത് മാത്രം മതി എനിക്ക് നീയെന്നുമൊരു അത്ഭുതമാകാന്‍...
വിഷാംശമുള്ള രസം നിറഞ്ഞൊഴുകുന്ന നാക്കിനെ ഞാനെത്ര ഭയക്കുന്നുവെന്ന് നിനക്കറിയാമല്ലോ...
നിനവില്‍ വളര്‍ന്ന് കനവായ് പടര്‍ന്നവയെ കാലം കരിയിച്ചു കളയുമ്പൊഴൊക്കെയും ആര്‍ത്തു കരഞ്ഞിരുന്ന നിസ്സഹായതയില്‍ നിന്നുമെന്നെ കൈപ്പിടിച്ച് നടത്തിയ നിന്നോടെന്നും ഞാന്‍ കടപ്പെട്ടിരിക്കുന്നു.
പരിണാമങ്ങള്‍ കൊണ്ട് മാത്രം പൂര്‍ണ്ണത പ്രാപിക്കുന്ന അനേകായിരങ്ങളായ വസ്തുതകളില്‍ ഞാനെന്ന ബോധം കൊണ്ട് മാത്രം വേര്‍ത്തിരിച്ചെടുത്ത സ്വത്വവിചാരത്തില്‍ നിന്നെനിക്ക് ഇനിയും അകലാനാവില്ലെന്നിരിക്കെ നീയില്ലാതെ ഞാനെന്നും അപൂര്‍ണ്ണനായിരിക്കും.
പരിധികള്‍ കൊണ്ട് പരിക്ഷീണനാക്കപ്പെട്ട എനിക്ക് പരിമിതികളില്ലാത്ത നിന്നിലലിയണം..
പ്രാണനില്‍ പകയൊരുങ്ങും മുന്‍പ് നിന്നെ പ്രാപിച്ച് നിനക്കടിമപ്പെടുകയാണ് ലക്ഷ്യം..
നിശബ്ദം... നിരാകാരം.... എങ്കിലും, നീയെന്ന പ്രണയം എനിക്കഭയമാകും..
എന്റെ വിധി എന്നോട് മാത്രമായി സംവദിക്കുന്നത് നിന്നിലൂടെ ഞാൻ മനസ്സിലാക്കും..
വേർപ്പാടുകളുടെ പാര‌മ്യത്തിൽ വിശകലനം ചെയ്യപ്പെടുന്ന സത്യങ്ങളിലൂടെ എനിക്ക് പുനർജനിക്കാൻ നീയെന്ന ആത്മാംശം കൂടിയേ തീരൂ.
ആവർത്തനം ചെയ്യപ്പെടുന്ന നിയോഗങ്ങളെ മെരുക്കാൻ ആത്മബോധം കൊണ്ട് പരിചയും അന്തരാർത്ഥങ്ങൾ തിരിച്ചറിഞ്ഞൊരുക്കിയ ചുരികയും കയ്യിലുണ്ടെങ്കിലും നീയെന്ന പാതിയിലൂടെ മാത്രമേ എനിക്കതിൽ വിജയിക്കാനാവൂ.
വരിക... നിനക്ക്  വശംവദനായ എന്നിലേക്ക്...
നിഴലുകൾക്കുള്ളിൽ നിസ്സഹായത കുടിച്ചു കിടക്കുന്ന ജീവനിലേക്ക്..

1 comment:

  1. ഇത്രയുമെത്തുന്നില്ല ഞാന്‍

    ReplyDelete