Sunday, June 23, 2013

മഴ പെയ്യുമ്പോൾ...


രാമഴയൊരുങ്ങുന്ന വിണ്ണിന്റെ ചുണ്ടിലായ്
അന്ത്യചുംബനം നൽകിയകലുന്നു സൂര്യനും.
പകലകന്നൊഴിയുന്ന സായന്തനത്തിനെ
പ്രണയിക്കയാവാം പവനന്റെയുള്ളം

ഇടനെഞ്ചു പൊട്ടിക്കരയുന്ന വിണ്ണില്‍
മിഴിയൊട്ടി നില്‍ക്കെയെൻ മനസ്സിനും മൌനം
മലകളെ തൊട്ടു മരണം വരിക്കിലും
മഴമേഘങ്ങൾക്കില്ലിന്നും പരിഭവം.

മഴ മുഖം മാറി പ്രളയരൂപത്തെ കൈകൊൾകെ
മഴക്കുളിരേറ്റു മയക്കം പിടിയ്കുമെൻ മനസ്സിനെ
വല്ലാതെ പിടിച്ചുലയ്കുന്ന പ്രളയദുരന്തങ്ങൾ.
വാർത്തകളായി....അവ, വളരുന്ന പൊരുളായി,,,

പകലിനെ കൊന്നയീ വർഷപാതത്തിനെ
പ്രകൃതിയെ കൊന്നതിൻ പ്രതികാരമെന്നോർക്കുമോ..?
മനുഷ്യന്റെയാർത്തിയാൽ മരണം വരിച്ചപ്പോൾ
മണ്ണും മരങ്ങളും കല്പിച്ച ശാപമോ പ്രളയം..?

മഴക്കാറു കാൺകെ നൃത്തം ചവിട്ടുന്ന
മയിൽ‌ക്കൂട്ടമറിയുമോ മരണത്തിൻ കാഹളം.
പ്രളയമെന്നോർക്കാതെയിപ്പൊഴും മഴയെ വിളിക്കുന്ന
വേഴാമ്പലോർക്കുമോ സഹജീവിതൻ രോദനം
മരണമെന്നോർത്തു മഴയെ ശപിക്കുമോ
മഴപ്പാറ്റകളെ പേറും വാത്മീകങ്ങളെങ്കിലും...

മരതകപട്ടുടുക്കുന്ന കാലത്തെയോർക്കുകിൽ
മണ്ണും മനുഷ്യനും മഴയെ കൊതിച്ചേക്കാം.
ജാലകവാതിൽക്കൽ കുസൃതി കാട്ടീടുന്ന
മഴക്കാലമെന്നെയും കൊതിപ്പിക്കെ-
നിലവിട്ടു നിന്നിളകിയാടുന്നോരോ ജീവിതവു-
മെത്രയടുത്തെന്നോർക്കാതെ പോകുന്നു ഞാനും.
മരണമെണ്ണുന്ന വാർത്തകൾ ചുറ്റിലും നിറയവെ
പെരുമഴ കൊണ്ട തൊടിയിലെ പച്ചിലകളിൽ
പ്രണയമെഴുതുകയാണാ മഴത്തുള്ളികളിപ്പൊഴും.

3 comments:

  1. മഴയ്ക്കങ്ങനെ ഒരുപാട് മുഖങ്ങളുണ്ട്.... പ്രണയത്തിന്റെയും നിരാശയുടെയും മരണത്തിന്റെയും ഒക്കെ...

    ReplyDelete
  2. മഴത്തുള്ളിപ്രണയം

    ReplyDelete
  3. മഴ എത്ര പെയ്താലും എത്ര എഴുതിയാലും ആദ്യം കാണുന്ന ഒരു ഭംഗി മനസ്സില് വേറെ കടുത്ത പ്രാരാബ്ദങ്ങൾ ഒന്നും ഇല്ലെങ്കിൽ.

    ReplyDelete