Sunday, June 16, 2013

കരിന്തിരി



മരണം ഉണ്ണിയെ തഴുകിയ നേരത്ത്
അച്ഛനുറങ്ങിക്കിടക്കുന്ന മണ്ണിതിൽ
അമ്മമനം പെയ്ത് നനയ്കുമ്പോൾ
ആരോ കൊളുത്തിയ വിളക്കിലെരിയുന്നു ഞാൻ..
നിർവികാരമായ് മരണം ചിരിയ്കുമ്പോൾ
മൌനമേറി തിളയ്കുന്നു ചൊടികളിൽ
മിഴികളൊക്കെയും ഈറനണിയുന്നു.
നിശബ്ദനിശ്വാസങ്ങൾ കുമിഞ്ഞു കൂടവെ
ഇളകിയാടി പിടയുന്നു ഞാനും..


കാലമറിഞ്ഞ അച്ഛനരികിലുണ്ടെങ്കിലും
ആവലാതിയായ് അമ്മയെ കൺപാർക്കെ
മൌനഭാഷയൊഴുകുന്ന ചൊടികളാൽ
വിവശനായി നിൽക്കുകയാണുണ്ണി,മന്ത്രജപങ്ങളും അഗ്നിയും നിറയുന്നൂ
വേർപ്പെടുന്ന ശരീരഗന്ധം പരക്കുന്നൂ

തിരിച്ചെടുക്കാനാവാതെയാ ജന്മവുകലുന്നു
കണ്മറയുന്ന കാലമായ് മാറുകയാണുണ്ണിയും.


വേർപ്പിരിയുവാൻ വയ്യെന്നു ചൊല്ലിയോർ
ഒന്നുമുരിയിടാതെ പോകുന്ന നേരത്ത്
പകലുകൾക്കെത്ര ദൈർഘ്യമെന്നോർത്ത്,
രാവുകൾക്കിനിയെത്ര ഭാവങ്ങളെന്നറിയാതെ-
നേർത്തു നേർത്തു പോകുന്ന ഓർമ്മയിൽ
പാതി നേരവും പരിതപിക്കുമ്പൊഴും
പറയുവാനേറെയുണ്ടെങ്കിലും മിണ്ടാതെ
മറുപാതിയിൽ കണ്ണുനീരൊഴുക്കുകയാണമ്മ.

അമ്മ കരയുന്നു പതിയെ പറഞ്ഞുണ്ണി,
മെല്ലെയച്ഛനോടൊട്ടി അകലുന്നൂ
മരണമുണ്ണുന്ന ആത്മാക്കൾ നമ്മളിൽ
ഓർമ്മകൾ കൊണ്ടറിയുന്നവയൊക്കെയും
മറവി കൊണ്ട് മായ്കുമെന്നച്ഛൻ പറഞ്ഞിട്ടും
മറുജന്മമിതൊന്നും തിരികെ തരികയില്ലെന്നോർക്കെ
അമ്മയെന്നു വിതുമ്പുകയാണുണ്ണി..

ഞാൻ, വെറുമൊരു ‘കരിന്തിരി..’
അകലുന്ന ആത്മാവിൻ നോവായ് പിറക്കുന്നു
ശിഷ്ടമാത്മാക്കൾക്ക് പരാതിയായ് ജീവിതം.
ഉണ്ണി തൻ നോവിനാൽ ആടിയുലയുന്ന ശ്വാസത്തിലും,
നിർവികാരമായ് നിലകൊള്ളുന്ന സാക്ഷി..

എണ്ണ വറ്റിലും ഒടുങ്ങുവാനാകാതെ
കണ്ണുനീരിറ്റിച്ച് നീറ്റിയുണർത്തുന്ന ജ്വാലയെ
കൈവിടാതെയെരിയേണ്ടു ഞാനെപ്പൊഴും.

1 comment: