Monday, November 19, 2012

വേനൽ മഴ



മടിച്ചു നിന്നൊരു മഴമേഘത്തെ
തുളച്ചു വന്നൊരു ചെറുകാറ്റ്
പിടിച്ചുലച്ചൊരു കൊമ്പത്ത്
തുളുംമ്പി നിന്നത് കുളിർമഴയായ്..
പതുക്കെയുള്ളൊരു തലോടലായ്
മണ്ണിലെത്തി മറഞ്ഞെന്നാലും
മറവിയിലെങ്ങോ ഒളിച്ചിരുന്നൊരു
മഴക്കാലമെത്തീ ഓർമ്മകളിൽ...

പകൽകിനാവിൻ മുറ്റത്ത്
പതുങ്ങിയെത്തിയൊരീ വികൃതിയാൽ
പനിച്ച് നിന്നൊരാ മണ്ണിൽ നിന്നും
പിടഞ്ഞുണർന്നൂ പുതുമോഹങ്ങൾ...
പൊഴിഞ്ഞ് പോയൊരാ ഇന്നലെയും
അതു പറിച്ചെടുത്തയീ വേനലും
കരിച്ചെടുത്തൊരാ കനവുകളിൽ
വിരുന്നു വന്നൊരു പുഞ്ചിരിയായ്
പടർന്നിടട്ടേ സാന്ത്വനമായ്..

കുതിച്ചു വന്നൊരു നഷ്ടത്താൽ
കനത്തു വന്നൊരു നോവിനാൽ
നിനച്ചു പോയൊരു നാശത്തെ
നുണഞ്ഞെടുത്തതീ നന്മമഴ
നിറഞ്ഞു നിന്നൊരു കൺകോണിൽ
നനഞ്ഞു നിന്നൊരു സ്വപ്നത്തെ
ഉമ്മ വച്ചിട്ടോടി മറഞ്ഞൂ കുസൃതിമഴ...

Wednesday, November 14, 2012

ശിശുദിനാശംസകൾ



ഇന്ന് ശിശുദിനം...കുഞ്ഞുങ്ങളെ സ്നേഹിച്ച ‘ചാച്ചാജി’ നെഹ്രുവിന്റെ ജന്മദിനം...
അർത്ഥവത്തായൊരു സന്ദേശമായി ശിശുദിനം ഓരോ വർഷവും കടന്നു വരുന്നുണ്ട്..
എത്ര പേർ അതിനെ മനസിലാക്കുന്നുണ്ട്...?
അതിനെ പൂർണ്ണാർത്ഥത്തിൽ ഉൾകൊള്ളുന്നുണ്ട്...?
ബന്ധങ്ങൾ വേരറ്റു കൊണ്ടിരിക്കുന്ന ഇക്കാലത്ത് സ്വന്തം കുഞ്ഞുങ്ങളെ പോലും നേരാം വണ്ണം പരിചരിക്കാനോ അവരോടൊപ്പം സമയം ചെലവഴിക്കാനോ സമയം കണ്ടത്താനാവാത്ത, അല്ലെങ്കിലതിനു ശ്രമിക്കാത്ത എത്ര പേർ നമുക്കിടയിലുണ്ട്...?
സ്വന്തം ശൈശവമെങ്കിലും ഒന്നോർത്തെടുക്കാനായെങ്കിൽ,
നമ്മുടെ കുഞ്ഞുങ്ങൾക്കും മറ്റു കുഞ്ഞുങ്ങൾക്കും നഷ്ടമാവുന്നത് എന്തൊക്കെയാണെന്ന് മനസ്സിലാക്കാൻ,
സമ്മാനപ്പൊതികളിലും ആശംസകളിലുമൊതുങ്ങുന്ന ഒരു ശിശുദിനത്തിനപ്പുറം  ഒന്നു ചിന്തിക്കാൻ,
നമുക്ക് നഷ്ടമായതോ അല്ലെങ്കിൽ നാം നഷ്ടപ്പെടുത്തുന്തോ ആയ ആ കുഞ്ഞു സന്തോഷങ്ങളെ തിരിച്ചറിയാൻ നമുക്കീ ശിശുദിനത്തെ ഉപയോഗപ്പെടുത്താം. ഓർമ്മപ്പെടുത്തലിന്റെ ദിനങ്ങളിലൊന്നായി ഇതും കടന്നു പോകുമ്പോൾ മറവിയിലേക്ക് വലിച്ചെറിയാതെ തിരക്കുകളും സൌകര്യകുറവുകളും മറന്ന് കുഞ്ഞുങ്ങൾക്കൊപ്പം സമയം ചെലവഴിക്കാനും അവരുടെ കൊച്ചു കൊച്ചു സന്തോഷങ്ങളും പിണക്കങ്ങളും പരിഭവങ്ങളും ചോദ്യങ്ങളുമടങ്ങുന്ന സുന്ദരലോകത്തെ തിരിച്ചറിഞ്ഞ് അവരോടു കൂടെ അത് നുകർന്ന് അവരെ സ്നേഹിക്കാനും അതിലൂടെ നമ്മുടെ ശൈശവത്തെ ഓർത്തെടുക്കാനും നമുക്ക് ശ്രമിക്കാം.

ഓരോ കുഞ്ഞും നമ്മുടെ തന്നെ പ്രതിനിധിയാണ്...
പൊയ്‌പോയ നല്ലകാലത്തിന്റെ... നന്മയുടെ.... നിഷ്കളങ്കമായ മനസ്സിന്റെ....
നിഷേധിക്കുന്ന സ്നേഹം...നിഷേധിക്കപ്പെടുന്ന സ്നേഹം... അതിന്റെയെല്ലാം വില തിരിച്ചറിഞ്ഞ് അത് നഷ്ടമാക്കാതെ...നഷ്ടപ്പെടുത്താതെ നോക്കാം...

കുഞ്ഞുങ്ങൾ നിഷ്കളങ്കമായി ചിരിക്കുമ്പോൾ അറിയാതെ സ്വയം ചിരിച്ചുപോകുന്ന നിഷ്കളങ്കമായ  മനസ്സ് നമുക്കുമുണ്ട്.. തിരക്കുകളിൽ നമുക്ക് കൈമോശം വന്നു പോകുന്നത് ആ നിഷ്കളങ്കതയാണ്.
അതു തിരിച്ചറിയേണ്ടത് നമ്മളാണ്....

മഴവെള്ളത്തിൽ കണ്ണുനട്ടിരുന്ന ശൈശവത്തിന്.....
പട്ടം പറത്തിയും മണ്ണപ്പം ചുട്ടും കളിച്ച ബാല്യങ്ങൾക്ക്...
കുഞ്ഞനിയത്തിയുടെ കൈപിടിച്ച് നടന്ന് പൂവിറുത്ത് കൊടുത്തും  കുഞ്ഞനിയനൊപ്പം കുറുമ്പുകാട്ടിയും നടന്ന കൌമാരത്തിന്...
വേഗത കൂടിയ ജീവിതത്തിനൊപ്പം പോകെ ഇതെല്ലാം നഷ്ടമായിപ്പോയ യുവത്വത്തിന്....
തിരക്കൊഴിഞ്ഞ് കൊച്ചുമക്കൾക്കൊപ്പം ചിലവഴിക്കേണ്ട വാർദ്ദക്യങ്ങൾക്ക്....
ഓർമ്മകളുടേയും ഓർമ്മക്കുറിപ്പിന്റേയും ആർദ്രമായൊരനുഭൂതി പകർന്ന് ഒരു ശിശുദിനം കൂടി...........


Tuesday, November 13, 2012

പുറപ്പാട്...


പ്രണയപൂർവ്വമൊരു ചുംബനവും നൽകി നിദ്രയെപ്പൊഴോ എഴുന്നേറ്റു പോയിരിക്കുന്നു...
കനവും നിനവും നേർക്കാഴ്ചയും തളം കെട്ടി നിന്ന മിഴികൾ  മെല്ലെ തുറന്നു...
ചിന്തയുടെ പുതപ്പു മാറ്റി സുബോധത്തിന്റെ സ്നാനഘട്ടത്തിലേക്ക്...

പിന്നെ....ഇന്നലെകൾ കഴുകിയുണക്കി വച്ച, ജീവിതമെന്ന ഉടുപ്പിലേക്ക് ...
ഇന്നലെയുടെ മണവും ഇന്നിന്റെ ഉണർവ്വുമുണ്ടതിന്..
അവിടവിടെയായി കണ്ണീരുണങ്ങിപ്പിടിച്ച പാടുകൾ അവ്യക്തമായി കാണാം...
അതൊരുപക്ഷെ സ്വപ്നങ്ങളുടെ നാരുകൾ കൊണ്ട് നെയ്തതിനാലാവാം....
ഇഴപൊട്ടിയ ഇടങ്ങളിൽ പ്രതീക്ഷയുടെ നൂലുകൾ കൊണ്ട് തുന്നിച്ചേർത്തിരിക്കുന്നു...
ഓർമ്മകൾ കൂടുകെട്ടിയ കീശയിൽ ഇളം ചൂടുള്ള സത്യങ്ങളെയും വച്ചു...
യാഥാർത്ഥ്യത്തിന്റെ കുടുക്കുകളിൽ ദേഹത്തോട് ചേർത്തമർത്തവെ,
നാളെകളുറങ്ങുന്ന പകലിലേക്കിറങ്ങാറായെന്ന് മനസ്സു മന്ത്രിച്ചു..
ലക്ഷ്യബോധത്തിന്റെ സഞ്ചിയിൽ തിരിച്ചറിവിന്റെ കുറിപ്പുകളുണ്ടെന്നുറപ്പു വരുത്തി...
മൌനം കൊണ്ടു പൊതിഞ്ഞ മനസ്സാക്ഷി പാഥേയമായെടുത്തു,
നഷ്ടങ്ങളുടെ ഇരുട്ടിനെ അകത്തേക്ക് തള്ളിയമർത്തി ഹൃദയത്തിന്റെ കതകടച്ചു...
ഉൾക്കാഴ്ചയുടെ കരുത്തുള്ള പക്വതയുടെ പാദുകങ്ങളണിഞ്ഞ് ഇന്നിന്റെ ഇടവഴിയിലേക്ക്...

Monday, November 12, 2012

ബൂലോകമേ ഉണരൂ.....



മനസ്സ് നിഗൂഡമായ ഒരു ചിന്തയാണ്.
വികലവും അങ്ങേയറ്റം അനിശ്ചിതത്വം നിറഞ്ഞതുമായ ഒരു ചിന്ത.
ഒരു നിമിഷം കൊണ്ടു തന്നെ പൊട്ടിച്ചിതറാനും ഒരൊറ്റ നിമിഷം കൊണ്ട് കൂടിച്ചേരാനും, അസാധാരണമാം വിധം വളരാനും അതേപോലെ തന്നെ തളരാനും  കഴിവുള്ള ചിന്ത.
ചിലപ്പോൾ സ്വയം പിളർന്ന് അനേകായിരങ്ങളായി പരന്ന് അനന്തതമായി നീണ്ടു കൊണ്ടേയിരിക്കും..

സർഗവാസനയുടെ തലോടലിൽ അത് കാല്പനികതയുടെ ഔന്നത്യത്തിലെത്തിയേക്കും തുടർന്ന് അത്യധികം ആകർഷകത്വവും ഒപ്പം അധീശത്വവും പ്രകടമാക്കുന്ന ഒന്നാണത്...
നിഴലുകൾ കൊണ്ട് പലപ്പോഴും മറച്ചു പിടിയ്കുമെങ്കിലും സ്വയമറിയാതെ പ്രസരിച്ചു കൊണ്ടിരിക്കുകയും ചെയ്യും. ആശയവിനിമയം സാധ്യമാക്കാൻ ഭാഷയെന്നതുപോലെ സർഗ്ഗവാസന പ്രകടമാകുന്നതും കാല്പനികതയുടെ വ്യക്തമായ പ്രയോഗത്തിലൂടെയാണ്.
തെളിഞ്ഞ ചിന്തയിലൂടെ വ്യക്തമായും ആകർഷകമായും അത് വെളിപ്പെടുമ്പോൾ ചിതറിയ ചിന്തകളിൽ അത് പലപ്പോഴും അവ്യക്തമായേക്കാം. അർത്ഥാന്തരങ്ങളിൽ വ്യത്യസ്തരുചിഭേദങ്ങളായി അവ അനുഭവപ്പെട്ടേക്കും. ചിലർക്കരുചിയാകുമ്പോൾ ചിലർ ചവർപ്പോടെ അതിനെ ഉൾക്കൊള്ളുകയും ചെയ്തേക്കാം. എങ്കിലും രുചിയും അരുചിയും ഒന്നു മറ്റൊന്നിനായി നിലനിൽകുന്നുവെന്നതു പോലെ ഇവ വ്യത്യസ്തമായ ആസ്വാദനം പ്രദാനം ചെയ്യുന്നു.

സർഗചേതനയാൽ അനുഗ്രഹീതരായ എഴുത്തുകാർ ഒരുപാടുണ്ട് നമുക്കിടയിൽ...
ചിലർ രചിക്കുന്നത് സാഹിത്യമായേക്കും ചിലരത് രചനയിലൊതുക്കുന്നു..
രണ്ടും മേൽ‌പ്പറഞ്ഞ വ്യത്യസ്തമായ ചിന്തകളെന്നു കരുതാം..
രുചിക്കൊപ്പം അരുചിയും നമ്മളറിയേണ്ടതുണ്ട്. അരുചിയിൽ നിന്നു രുചിയിലേക്ക് പ്രയാണം നടത്തുവാൻ നിമിഷങ്ങൾ കൊണ്ട് സാധിക്കുമെന്നിരിക്കെ അതിനാവശ്യം തെളിഞ്ഞ ചിന്തകളൊന്നു മാത്രമാണ്. നല്ല വായന പ്രദാനം ചെയ്യുന്നതും അതു തന്നെയാണ്. വായിച്ചു വളർന്ന തെളിഞ്ഞ ചിന്തകളിലൂടെ അരുചിയിൽ നിന്നും രുചിയിലേക്ക് പരിവർത്തനം ചെയ്യപ്പെടേണ്ടവയാണ് എഴുതപ്പെടുന്ന ഓരോ സൃഷ്ടികളുമെന്ന ബോധ്യത്തോടെ തികച്ചും വസ്തുതാപരമായ സ്വയം വിമർശനത്തോടെ പരിപോഷിപ്പിക്കപ്പെടുന്ന സർഗാത്മകതയെ ഒരു കാലത്തും ആർക്കും തിരസ്കരിക്കാനാവില്ല. നിഴലുകൾ കൊണ്ട് മൂടി വച്ച ആ കഴിവിനെ തിരിച്ചറിഞ്ഞ് വിശാലമായ അതിന്റെ പ്രഭാവത്തെ ഉൾക്കൊണ്ടു കൊണ്ട് ഇനിയുമൊരുപാടൊരുപാട് സൃഷ്ടികൾക്ക് ഈ ബൂലൊകത്തിന് കഴിയും. മൌനം തളം കെട്ടിക്കിടക്കുന്ന ബൂലോകത്തിന്റെ ഇടനാഴികളിൽ മയക്കം പൂണ്ടു കിടക്കുന്ന ചിന്തകളെ തട്ടിയുണർത്തുക...
നിഴൽക്കുത്തു കൊണ്ട് മൌനത്തെ പുൽകിയ എഴുത്താണികളെല്ലാം ഉണരട്ടെ...
അവയിലൂടെ അവഹേളനങ്ങളുടെയും അഭിനിവേശങ്ങളുടേയും പൊടിപടലങ്ങളെ തൂത്തെറിഞ്ഞ് സുന്ദരമായ  കാഴ്ചകളെ പുറത്തെടുക്കാം....

കുറിപ്പ്  :  താളം നഷ്ടപ്പെട്ടെന്ന് തോന്നിത്തുടങ്ങിയ ബൂലോകത്ത് ഇരുൾ മൂടും മുൻപൊരു മൺചിരാതു കൊളുത്തട്ടെ....?