Tuesday, October 16, 2012

പ്രണയോഷ്ണം - ഒരു ഡയറിക്കുറിപ്പ്





നിലാവെളിച്ചം പരന്നൊഴുകിക്കിടന്ന മേശയിൽ മുഖം പൂഴ്ത്തി രവി കിടന്നു....

കാതുകളിൽ സ്വപ്നയുടെ സ്വരം...
രവീ.... നീയെന്തേ എന്നെയറിയുന്നില്ല....അതോ മനസ്സിലായിട്ടും ഇല്ലെന്നു നടിക്കുന്നതോ...?
നൊമ്പരം പുരണ്ട അവളുടെ മിഴികളിൽ തന്നെ നോക്കി നിൽക്കാനേ കഴിഞ്ഞുള്ളൂ..
വാക്കായോ നോട്ടമായോ
നാളെയും ഇതേ ചോദ്യം അവളിൽ നിന്നുണ്ടായേക്കും...
 
എത്രയൊക്കെ അകന്നു നിന്നാലും പ്രണയം പിന്തുടർന്നു കൊണ്ടേയിരിക്കുന്നതെന്തിനാണ്....?

ഇന്നലെ - ആശ്രയം തേടുന്ന മനസ്സിനെ പുഞ്ചിരിയൊഴുകുന്ന മുഖമുള്ള പ്രണയത്തിലൊളിപ്പിച്ച ലേഖ
ഇന്ന് - നിഴലിലൊളിച്ച് നിലാവിനെ പ്രണയിക്കുന്ന നിശാപുഷ്പത്തെ പോലെ  മൌനത്തിലൊളിപ്പിച്ച പ്രണയവുമായി സ്വപ്ന.

അർത്ഥാന്തരങ്ങളില്ലാത്ത മറുപടിയാൽ ലേഖയെ അവഗണിക്കാൻ കഴിഞ്ഞിരുന്നു... കാരണം ആ പ്രണയം അവളുടേത്  മാത്രമായിരുന്നല്ലോ....പക്ഷെ സ്വപ്ന.....

ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങളായിരുന്നു എന്നും... പകലുകളിൽ മാത്രം ഒതുങ്ങുന്ന ജീവിതം....
ക്രമേണ സഹചാരിയായ മനസ്സിനോടു സംസാരിക്കുന്ന രാവുകൾ കടന്നു വന്നു ...
എപ്പൊഴൊക്കെയോ അക്ഷരങ്ങളിലേക്ക് കുടിയേറിയപ്പോഴും രാവുമായുള്ള ചങ്ങാത്തം മനസ്സ് ദൃഡപ്പെടുത്തിയിരുന്നു...
ഇന്ന് ചിന്തകൾ സംസാരിക്കുന്നത് അക്ഷരങ്ങളായാണ്...
രാവിനോട് മനസ്സു പറയുന്നതൊക്കെയും എഴുതപ്പെട്ടു കൊണ്ടേയിരുന്നു...
ഡയറിക്കുറിപ്പിലെ അക്ഷരങ്ങളിൽ മനസ്സെഴുതി വച്ചതൊക്കെയുമാണ് ജീവിതമെന്നു പോലും പറയാം..

ഈ രാവിനും ഒരുപാട് പറയാനുണ്ടാവും...
നിലാവെളിച്ചം ചുംബിച്ച ഡയറിയുടെ താളുകളിൽ ചിന്തകളുടെ നനവു പറ്റിക്കിടക്കുന്ന എഴുത്താണിയുണ്ട്.
ഓർമ്മകളുടെ മഷിമണം പേറുന്ന അതിന്റെ ചൊടികളിൽ തലോടിക്കൊണ്ട് നിലാവ് പുഞ്ചിരിക്കുന്നു ...
മനസ്സ് രാവിനോട് കിന്നരിച്ചു തുടങ്ങിയിരുന്നു... ഡയറിയുടെ താളുകളിലേക്ക് അക്ഷരങ്ങൾ വാരി വിതറിക്കൊണ്ട്....

“നാളെയുദിക്കേണ്ടതായ മറവിയുടെ സൂര്യനിൽ മാഞ്ഞു പോകേണ്ട ഇരുളറയിലെ നഷ്ടസ്വപ്നങ്ങൾക്ക് “പ്രണയം” എന്ന് പേരിടാം.
കാല്പനികമായ ചിന്തകളാൽ വരച്ചിടുന്ന മനോഹരമായൊരു കവിത പോലെ കൊതിപ്പിക്കുന്ന “പ്രണയം”.
പക്ഷെ അക്ഷരതെറ്റിന്റെ വാക്കുകളിൽ, വ്യാകരണപിശകുള്ള വാക്യങ്ങളിൽ ... അത് അങ്ങേയറ്റം വിരൂപമാകുന്നു.
ചിലപ്പോഴൊക്കെ ശാന്തമായൊഴുകുന്ന നിശബ്ദമായ ശീതജീവിതങ്ങളിൽ ലയിച്ച് ചേർന്ന് മധുരമായി നിലനിൽക്കുന്നുണ്ടാകാം.
എന്നാൽ, തിളച്ചൊഴുകുന്ന ഉഷ്ണജീവിതങ്ങളിൽ രുചിച്ചറിയാനാവാത്ത ഒന്നായി അതു മാഞ്ഞു പോകുക തന്നെ ചെയ്യുന്നുണ്ട്.
തപിക്കുന്ന ജീവിതങ്ങളിൽ കലർന്ന് അനിശ്ചിതത്വം കൊണ്ട് ജ്വലിച്ച് അതിതാപമായി പരിവർത്തനം ചെയ്യപ്പെടുകയാണത്..
പ്രണയം ലഹരിക്കൊപ്പം പകുത്തു നൽകുന്നത് ബാധ്യതയുടെ ഭാരവും ഊരാക്കുരുക്കുകളുമാണെന്നതാവാം കാരണം.
പക്ഷേ, അത് തിരിച്ചറിയുന്നത് ആശയറ്റ മനസ്സിനെ അതിന്റെ ഭാരമറിയിക്കുമ്പോൾ മാത്രമാണെന്നു മാത്രം.
സ്വന്തം മനസ്സിനെ ആശ്രയിക്കാനാവാത്തതെന്ന ദൌർബല്യമാണ് പലപ്പോഴും മറ്റൊരാളിൽ പ്രണയമെന്ന അനുഭൂതിയിലൂടെ ആശ്വാസമായി കണ്ടെടുക്കുന്നതെന്നിരിക്കെ, മറ്റൊരാൾക്ക് ആശ്രയമൊ ആശ്വാസമോ ആകുവാൻ കഴിയുന്നതെങ്ങനെ...?
ശേഷം പ്രണയം നിഷേധിക്കാനാവാത്ത ചുമതലയായി രൂപാന്തരം ചെയ്യപ്പെടുകയും ചെയ്യുന്നുമുണ്ട്.

ജീവിതം നിശ്വാസങ്ങളിൽ മാത്രം കണക്കെടുക്കപ്പെടുമ്പോൾ പ്രണയത്തേക്കാൾ വില കെട്ടതൊന്നില്ല.. നഷ്ടപ്പെട്ടവ പലതും പ്രണയത്തിനു വേണ്ടിയായിരിക്കുമെന്ന് തിരിച്ചറിയപ്പെടുന്നപ്പോഴാണ് അതിനു വിലയിടപ്പെടുന്നത്.

നിശബ്ദമായി പ്രണയിക്കുന്നവരിൽ നിരാശയുടെ അതിജീവിക്കാനൊരുപാധിയായി...അസ്ഥിരമായ നിഴൽ ചിത്രങ്ങൾ മാത്രം വരച്ച്... പ്രണയം കാലാകാലം നിലനിൽക്കുമായിരിക്കും. പക്ഷെ സ്വയം വരച്ചിട്ട ചട്ടക്കൂടുകളിലൂടെ ബാധ്യതയുടെ ഭാരമിറക്കി വയ്കാൻ കണ്ടെത്തുന്ന പ്രണയം നൂലിഴബലമുള്ള ഒന്നു മാത്രമായിരിക്കും...

എന്നിട്ടും....പ്രണയമെന്നത്, ജീവിതം ആസ്വദിക്കുന്നവന്റെ മാത്രം അർഹതയാണതെന്ന തിരിച്ചറിവിലും...
ജീവിക്കാൻ ശ്രമിക്കുന്നവന്റെ ആഗ്രഹം മാത്രമാണതെന്ന് വിളിച്ചു പറയുമ്പോഴും....
തീഷ്ണമായ ഉഷ്ണജീവിതത്തിന്റെ പകലിന് തണുത്ത നിശ്വാസമുള്ള രാവിനോടെന്ന പോലെ പിന്നേയും ആഗ്രഹിച്ചു പോകുന്നുണ്ട് .
നേർത്തു പോകുന്ന ജീവന്റെ ആകുലതകളും അതിജീവനം തേടുന്ന ആഗ്രഹങ്ങളും ചേർന്ന ഗഹനചിന്തകളുടെ ഒളിയിടമായതു കൊണ്ടായിരിക്കാം. അകന്നു കാൺകെ കുളിർമ്മയും അടുത്തറിയെ ഉഷ്ണശീലവുമുള്ള ഈ പ്രണയത്തിനെ ഇനിയെങ്ങിനെ സ്വീകരിക്കണം...?
അതിജീവനം ചെയ്തെന്ന് വിശ്വസിച്ചിരുന്ന ജീവിതത്തിലേക്ക് അനിശ്ചിതത്വത്തിന്റെ ഉഷ്ണക്കാറ്റ് വീണ്ടും ആഞ്ഞു വീശുകയാണ്...”

കടലാസുതാളിൽ എഴുത്താണിയുടെ ചുണ്ടിലൂടെ ചിന്തകളലഞ്ഞു കൊണ്ടേയിരുന്നു.....
അക്ഷരങ്ങളുടെ അനുഭൂതിയുമായി അവയും ഒരുപക്ഷേ പ്രണയിക്കുകയായിരിക്കുമോ..... ?