Tuesday, August 21, 2012

എഴുത്തുകാർ - ഒരു വായനക്കാരന്റെ കാഴ്ച

 http://www.halekenergypartners.com/wp-content/uploads/2012/03/candlelightscandle.jpg
photo courtesy : www.halekenergypartners.com


എന്നിലെ വായനക്കാരന്റെ കാഴ്ചയിലെ എഴുത്തുകാർ കൂടുതലും കാല്പനികതയുടെ വക്താക്കളാണ്....
അനുഭൂതി പകർന്നെഴുതുന്ന അവരുടെ അക്ഷരങ്ങളിൽ നിന്ന് കാല്പനികതയെ വേർത്തിരിക്കുക എന്നത് പലപ്പോഴും അരുചി സമ്മാനിക്കുകയും ചെയ്യും..
എന്നാൽ മറ്റൊരു വിഭാഗം കാല്പനികതയെ പാടേ അവഗണിക്കുകയും ചെയ്യുന്നു...
അക്ഷരങ്ങളിൽ അവരൊളിപ്പിക്കുന്നത് കാല്പനികതയുടെ അനിർവചനീയമായ അനുഭൂതിയല്ല...മറിച്ച് വായനക്കാരന്റെ മനസ്സിൽ ആഴ്ന്നിറങ്ങി പറിച്ചെറിയാനാവത്ത വിധം അലിഞ്ഞു പോകുന്ന, വികാരവിചാരങ്ങളിലൂടെ ആഴ്ന്നിറങ്ങി എന്നെന്നും നിലകൊള്ളുന്ന ചിന്താധാരകളായിരിക്കും...
കാല്പനികത സ്വപ്നരൂപത്തിൽ മാത്രം അധിവസിക്കുമ്പോൾ, വായനക്കാരന്റെ മനസ്സിൽ നിലകൊള്ളുന്ന യാഥാർത്ഥ്യബോധമുള്ള ചിന്താധാരകളിലൂടെ വളർന്ന് അവനിലെ എഴുത്തുകാരനിലൂടെ  കരുത്താർജ്ജിക്കുകയും ചെയ്യുന്ന രണ്ടാമത്തെ വിഭാഗത്തെയാണ് വായനക്കരനെന്ന നിലയിൽ ഞാനിഷ്ടപ്പെടുന്നത്..
സ്വപ്നസഞ്ചാരിയായ എഴുത്തുകാരന് കാല്പനികതയുടെ ലോകം കൊണ്ട് നഷ്ടബോധം മറയ്കുന്ന പ്രതീക്ഷകളുടെ സുന്ദരമുഖമൊരുക്കാനാവുമെങ്കിലും....
സ്വകാര്യതയിലൊതുങ്ങിപ്പോകുന്ന ഒരു വായനക്കാരനെ സൃഷ്ടിക്കാനേ പലപ്പോഴും കഴിയാറുള്ളൂ...
വായനക്കാരിലെ നൈസർഗികമായ സർഗവൈഭവം മയക്കം തുടരുകയും ചെയ്യും...
എന്നാൽത്തന്നെയും കാല്പനികത നഷ്ടപ്പെട്ട ഒരു വായന പലപ്പോഴും പൂർണ്ണ സതൃപ്തി തരികയുമില്ല എന്നതും ഒരു വാസ്തവമാണ്...
പലപ്പോഴും യാഥാർത്ഥ്യബോധം ഇന്നിനപ്പുറം ശൂന്യമായ കാഴ്ചയായി പതറി നിൽകുമ്പോൾ  കാല്പനികതയ്ക് അത്തരമൊരു അതിരില്ല...
കാല്പനികത നാളെയിലേക്ക് നടന്നു കയറാനും യാഥാർത്ഥ്യബോധം ഭൂതകാലത്തിനെ പുനർനിർവചിക്കാനും ഉപയോഗപ്പെടുത്താമെന്നിരിക്കെ ഇവ രണ്ടും ചേർന്ന വർത്തമാനകാലത്തിലേക്ക്.... അതിന്റെ വക്താക്കളിലേക്കാണ് ഞാനെന്ന വായനക്കാരൻ ഉറ്റു നോക്കുന്നത്...
യാഥാർത്ഥ്യവും കാല്പനികതയും സമന്വയിച്ച് ആസ്വാദനത്തിന്റെ പുതിയ അനുഭവമായി വളർന്നു വരുന്ന ഒരു വർത്തമാനകാലം നമുക്കു വേണം...
വായനയിലൂടെ സ്വാധീനിക്കപ്പെട്ട ചിന്തകളെ സ്വത്വാവബോധത്തിലൂടെ പരിവർത്തനപ്പെടുത്താൻ കഴിഞ്ഞാൽ അക്ഷരങ്ങളേയും ആശയങ്ങളേയും കൂട്ടിയിണക്കാൻ അസാധാരണമായ കഴിവുള്ള എഴുത്തുകാരെ ഉണർത്താൻ ഈ ബൂലോകത്തിന് ശക്തിയുണ്ട്....
ആശയസംവാദങ്ങളും സർഗാത്മകമായ കൂടിച്ചേരലുകളും ശക്തമായ സൃഷ്ടിവൈഭവത്തിലേക്ക് നയിക്കും...
വ്യക്തിത്വമല്ല മറിച്ച് സർഗ
ണ് വിലയിരുത്തപ്പെടേണ്ടതും പരിപോഷിക്കപ്പെടേണ്ടതും...
എഴുത്തുകാർ വ്യക്തിത്വത്താലല്ല അക്ഷരത്തിന്റെ മൂല്യത്താലാണ് അളവെടുക്കപ്പെടേണ്ടതും...
ആത്മസതൃപ്തി തരുന്ന ഒരു വായനയിലാണ് ഒരെഴുത്തുകാരന്റെ വിജയമെങ്കിൽ വായനക്കിപ്പുറം കടന്നു വരുന്ന ചിന്താധാരകളിൽ വായനക്കാരനെ ഉണർത്തുകയെന്നതാണൂ സൃഷ്ടിയുടെ വിജയം..
സത്യസന്ധമായ നിരൂപണം വായനക്കാരന്റെ വിജയമാകുമ്പോൾ പുകഴ്ത്തലുകളും ഇകഴ്ത്തലുകളും അവന്റെ പരാജയം തന്നെയാണ്...
തിരിച്ചറിയപ്പെടേണ്ടവയെ തിരിച്ചറിയുക എന്നത് എഴുത്തുകാരുടെ ധർമ്മമാണ്.... 
തിടുക്കം നല്ലൊരു തുടക്കത്തിനാവാം എന്നാൽ ഒടുക്കത്തിനാവാതിരിക്കട്ടെ.....