Monday, July 16, 2012

ബ്ലോഗർ ..????

എന്താണീ ബ്ലോഗർ...???????

സ്വയം അവരോധിക്കപ്പെട്ട സർഗാത്മകതയുടെ ‘ആചാര്യർ’ ബൂലോകത്തിന്റെ സ്പന്ദനങ്ങളിൽ കടന്നു കയറി നിർദ്ദേശങ്ങളും നിയമാവലികളും കൊണ്ട് ബ്ലോഗറെന്ന വംശത്തിനെ അളന്നെടുക്കാൻ ശ്രമിക്കുമ്പോൾ ഉയർന്നു വന്ന ഒരു സംശയം മാത്രമാണിത്....
ഇന്നലെ വരെ ഞാനുമൊരു ബ്ലോഗറെന്ന് പറയാനാവുമെന്ന ചെറിയൊരു പ്രതീക്ഷയുണ്ടായിരുന്നു...
അതിനാലാണ് സൌജന്യമായി കിട്ടിയ ബ്ലോഗ്സ്പോട്ടിൽ സ്വന്തമായൊരു ബ്ലോഗ് തുടങ്ങണമെന്ന ആഗ്രഹം ഉടലെടുത്തതും.. കണ്ടകശനിയിലേക്കായിരുന്നോ ആ കാൽവെപ്പ്..?
സ്വന്തം മനോവിചാരങ്ങൾക്ക് അക്ഷരങ്ങളുടെ രൂപം കൊടുക്കാനുള്ള കഴിവാണ് ബ്ലോഗർക്കുണ്ടാകേണ്ടതെന്ന തിരിച്ചറിവായിരുന്നു ഇതു വരെ ബ്ലോഗറാവാനുള്ള യോഗ്യതയായി കണ്ടിരുന്നത്.. നിശബ്ദനായൊരു വായനകാരനെന്ന ആത്മധൈര്യത്തിൽ തന്റേതായ ഭാഷയിൽ  മനോവിചാരങ്ങളെ ചിന്തകളിൽ നിന്ന് വാക്കുകളിലേക്ക് പരിവർത്തനം ചെയ്യുമ്പോൾ മാനസികമായി അനുഭവപ്പെടുന്ന സംതൃപ്തി മാത്രമാണ് ഒരു സാധാരണക്കാരനായ ബ്ലോഗറെന്ന നിലയിൽ നേട്ടമായി കണക്കാക്കാവുന്നതെന്നും. ഏവർക്കുമുള്ളിൽ പുറമേ കാണുന്നതിൽ നിന്നും തികച്ചും വ്യത്യസ്തമായ സ്വത്വമുണ്ട്.  ഉറക്കത്തിൽ സംസാരിക്കുക പോലെ അബോധമനസ്സിന്റെ വെളിപ്പെടുത്തലുകളായി ആ സ്വത്വത്തിലെ നന്മയും തിന്മയും മറയില്ലാതെ പുറത്തു വരുന്ന ചുരുക്കം ചില സന്ദർഭങ്ങളേ ഉണ്ടാകുകയുമുള്ളൂ. ഒരു സാധാരണ ബ്ലോഗറുടെ രചനകൾ അത്തരം ചിലത് മാത്രമാണ് പലപ്പോഴും. ബോധപൂർവ്വമായോ അല്ലാതെയോ അതിൽ കടന്നു വരുന്ന സർഗാത്മകത എന്ന കഴിവിലൂടെ ചുരുക്കം ചിലർ തങ്ങളിൽ അറിയാതെ പോയ കഴിവു കണ്ടെടുക്കുന്നുണ്ടെങ്കിൽ പോലും ബഹുഭൂരിഭാഗവും തൃപ്തിപ്പെടുന്നത് തങ്ങളുടെ ചിന്താഭാരങ്ങളെ മനസ്സിൽ നിന്നും ബ്ലോഗിലേക്ക്  ഇറക്കിവയ്കുക എന്നതിലൂടെ മാത്രമാണ്. സ്വന്തം അഭിപ്രായം വെളിപ്പെടുത്താനാവാത്ത മനസ്സാക്ഷിയുമായി ജീവിക്കുന്നവരിൽ മലയാളികളോളം സമ്പന്നരില്ലാ താനും. അതു കൊണ്ടാവാം ഇത്തരം സാധ്യതകളെ ഏറ്റവുമധികം ഉപയോഗപ്പെടുത്തുന്നതും മലയാളികൾ തന്നെ. ബോധമനസ്സാൽ മറച്ചു വച്ചിരുന്ന സംസ്കാരശൂന്യതയുടെ നിയന്ത്രണം ഇവിടങ്ങളിൽ ഇവർക്ക് നഷ്ടപ്പെടുന്നതും പലപ്പോഴും കാണാം.
ബ്ലോഗിലെ രചനകളിലും ഇതനുഭവപ്പെടും. മുൻപ് കണ്ടും കേട്ടും അറിഞ്ഞവരായിരിക്കില്ല രചനകളിലൂടെ വെളിപ്പെടുന്നത്. ചിരിക്കുന്ന മുഖങ്ങൾക്കുള്ളിൽ ചതിയൊരുക്കി ബോധപൂർവ്വം മുഖം മൂടിയണിയുന്നവർ ഇവിടേയും ഉണ്ടെന്ന്  തിരിച്ചറിയാനാവുന്നതും ഇപ്രകാരം തന്നെ.
വായനക്കാരന്റെ വേഷത്തിൽ ബ്ലോഗുകളിലൂടെ കടന്നു പോകുമ്പോൾ എന്നിലെ വായനക്കാരനു കിട്ടുന്നത് കുറേയേറെ തിരിച്ചറിവുകളും സാമൂഹികവും സാംസ്കാരികവും അതിനൊപ്പം തന്നെ സാങ്കേതികവുമായ മികച്ചൊരു മാർഗനിർദ്ദേശവും തന്നെയാണ്. അതു പക്ഷെ സർഗാത്മകതയുടെ അളവു കൊണ്ടല്ലാ എന്നിൽ അനുഭവപ്പെടുന്നതെന്നു മാത്രം. കാല്പനികമായ ഭാഷയിൽ സർഗാത്മകമായി വായനക്കാരനോട് സംവദിക്കാൻ എഴുത്തുകാരനുള്ള കഴിവിനേക്കാൾ, തന്റെ വികാരവിചാരങ്ങളെ സാധാരണക്കാരന്റെ ഭാഷാപ്രയോഗങ്ങളാൽ വായിക്കുന്നവരിൽ തങ്ങളുടേതെന്ന പോലെ അനുഭവപ്പെടുത്തുന്ന  ബ്ലോഗറുടെ കഴിവിനെ സർഗാത്മകത കൊണ്ടളക്കരുത്.....എഴുതാനായി എഴുതുന്ന....രചനകളിലൂടെ കിട്ടിയ അഭിപ്രായങ്ങളുടെ എണ്ണം പറഞ്ഞഹങ്കരിക്കുന്ന ബ്ലോഗർ ഇപ്പറഞ്ഞവയിലില്ല... കളവില്ലാത്ത വിചാരങ്ങളും കലർപ്പില്ലാത്ത വികാരപ്രകടനങ്ങളുമായി കടന്നുവരുന്ന രചനകൾ മാത്രമാണിവ.. അവയിലെ എഴുത്തുകാരന് പ്രായലിംഗജാതിഭേദങ്ങൾ കാണരുത്.... അവയിൽ വലിയവരോ ചെറിയവരോ ഉണ്ടാവില്ല.. അക്ഷരങ്ങളും അവ നൽകുന്ന അർത്ഥങ്ങളും അന്തരാർത്ഥങ്ങളും മാത്രമാണവയ്ക് രൂപം നൽകുന്നത്. അവയിലെ സർഗാത്മകതയെ പുകഴ്ത്തിയോ ഇകഴ്ത്തിയോ സംഘടിപ്പിക്കാനോ വിഘടിപ്പിക്കാനോ ശ്രമിക്കുന്നവർ ഇവർക്കെങ്ങനെയാണ് വിലയിടുന്നതെന്നെനിക്കറിയില്ല.. പക്ഷെ അവയെത്ര മാത്രം ആത്മാർത്ഥമാണെന്ന് മാത്രം ആകുലപ്പെടുന്നു.


 ഓ. ടോ :-

മനുഷ്യനാവുക ഒരു കലയാണ്‌
ബ്ലോഗർമാർക്കുള്ളിലെ  സ്വകാര്യപ്രശ്നങ്ങൾ ഉൾകൊള്ളിച്ച ഒരു രചനയിൽ നിന്നും കടമെടുത്തതാണിത്..
മനുഷ്യനാവുക എന്നതൊരിക്കലും ഒരു കലയല്ലെന്നാണെന്റെ അഭിപ്രായം. സ്വയം തിരിച്ചറിഞ്ഞുകൊണ്ട് സ്വയം വെളിപ്പെടുത്തുക എന്നതാണ് മനുഷ്യനാവുക എന്നത് എന്നു ഞാൻ വിശ്വസിക്കുന്നു. സ്വയം വിലയിരുത്തി തെറ്റുകൾ തിരുത്തി ജീവിക്കുകയെന്നതാണ് മാനുഷികം എന്നും വിശ്വസിക്കുന്നു. തങ്ങളിലെ കഴിവുകൾ കൊണ്ട് മറ്റൊന്നിനെ തന്നിലേക്കാവാഹിക്കുക എന്നതിലാണ്  “കല” എന്നത് എന്നിൽ വിലകല്പിക്കപ്പെടുന്നത്. മാനുഷികമായതെന്തോ അതിന്റെ വിപരീതഭാവമെന്നു ചുരുക്കം.

നിശബ്ദനായ ഒരു വായനക്കാരനെന്ന നിലയിൽ ബൂലോകത്തിലെ ഇത്തരം പ്രവണതകളോട് വെറുപ്പ് മാത്രമേയുള്ളൂ.. അനോണിയും സനോണീയുമൊക്കെയായി ആരും ആരുടേയും അഭിപ്രായം എവിടേയും വെളിപ്പെടുത്തിക്കൊള്ളട്ടെ..സഭ്യമായ രീതിയിൽ ആയാൽ മാത്രം മതി.
സ്വന്തം രൂപത്തിൽ അഭിപ്രായം രേഖപ്പെടുത്തുന്നവരോളം തന്നെ അനോണിയായി അഭിപ്രായപ്പെടുന്നതിലും ശരികളുണ്ടാവാം. അതുൾക്കൊള്ളാനുള്ള മാനുഷികത മാത്രം ഉണ്ടായാൽ മതി.
അതുപോലെ തന്നെ പറയുന്നത് ശരിയായാലും തെറ്റായാലും അത് സ്വന്തം രൂപത്തിലായാലും മുഖം മൂടിയിലായാലും സഭ്യമായ ഭാഷയിലാവുന്നതാവും ഉത്തമം. മനുഷ്യൻ മനസ്സു കൊണ്ട് സംസാരിക്കുമ്പോൾ സ്വയമറിയാതെ സംസ്കാരം വെളിപ്പെടുന്നത് തിരിച്ചറിയുക തന്നെ വേണം.
തത്ത്വം പറയാൻ സ്വന്തം രൂപവും യാഥാർത്ഥ്യത്തിനു മുഖം‌മൂടിയും കൊണ്ടു നടക്കുന്നവരും കുറവല്ലാ താനും. ആരും ആരേക്കാളും വിഡ്ഡികളല്ലാ...മിടുക്കരും...പിന്നിലൊളിപ്പിച്ച തിരിച്ചറിയപ്പെടാത്ത മുഖം‌മൂടികളിൽ വിശാസമർപ്പിച്ച് സദാചാരത്തിന്റെ വാചകകസർത്ത് നടത്തുന്ന പ്രമാണിമാരും മുഖം‌മൂടിയുടെ മറവിൽ അസഭ്യവർഷം നടത്തുന്ന പ്രമാണിമാരും വാഴുന്ന ഈ ബൂലോകം ഇനിയും നീണാൾ വാഴുമോ...?